chocolate

ചോക്ളേറ്റ് ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്?​ എത്ര വിലയായാലും ഇഷ്ടപ്പെട്ടതാണെങ്കിൽ ആരും വാങ്ങിക്കഴിക്കും. എങ്കിലും ചോക്ളേറ്റ് വില കൊടുമുടി കയറിയാലോ.. ഐ.ടി.സിയുടെ ചോക്ലേറ്റ് ബ്രാൻഡായ ഫാബെല്ലേയുടെ ട്രിനിറ്റി - ട്രഫിൾസ് എക്സ്ട്രാ ഓർഡിനെയറിന്റെ വില കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റാണിത്. വിലയുടെ പേരിൽ ഗിന്നസ് റെക്കാഡും നേടിയിട്ടുണ്ട് ഈ ചോക്ലേറ്റ് ഭീമൻ.

മിഷേലിൻ സ്റ്റാർ ഷെഫ് ഫിലിപ്പ് കോണ്ടിസിനിയുമായി ചേർന്നാണ് ഐ.ടി.സി ട്രിനിറ്റി - ട്രഫിൾസ് എക്സ്ട്രാ ഓർഡിനെയർ ഉണ്ടാക്കിയത്. സൃഷ്ടി-സ്ഥിതി-സംഹാരം എന്ന ആശയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചോക്ലേറ്റ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, അപൂർവമായ ചില ചേരുവകളും ലോകത്തിലെ ഏറ്റവും മികച്ച കൊക്കോയുമാണ് ചോക്ലേറ്റ് ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നുള്ള കൊക്കോ സംഭരിച്ച് സംയോജിപ്പിച്ചത് പുതിയൊരു അനുഭവമാണ് പകരുകയെന്ന് കമ്പനി പറയുന്നു. ഓർഡർ അനുസരിച്ചാണ് ചോക്ലേറ്റ് തയ്യാറാക്കുക. മെഷീനുകളുടെ സഹായമില്ലാതെ ഉണ്ടാക്കിയ തടിയുടെ പെട്ടികളിലാണ് ലഭിക്കുക. ഒരു ബോക്സിൽ ചോക്ലേറ്റിന്റെ 15 ട്രഫിളുകൾ ഉണ്ടാകും. 15 ഗ്രാമുള്ള ഓരോ ചോക്ലേറ്റും ഓരോ ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കമ്പനി പറയുന്നു.