പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റേത്. ഇപ്പോഴിതാ സുകുമാരൻ തന്നോടൊപ്പം ഉണ്ടായിരുന്ന ഒരു ഓണക്കാലത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മല്ലിക സുകുമാരൻ. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ആളായിരുന്നു സുകുമാരനെന്നും എല്ലാ ഓണത്തിനും ഞങ്ങൾ ഒരുമിച്ചുണ്ടാകുമായിരുന്നെന്നും കൗമുദി ടി വിക്കു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. സുകുമാരൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നെന്നും എന്നാൽ താൻ ഒരു കോൺഗ്രസുകാരി ആയിരുന്നെന്നും മല്ലിക വെളിപ്പെടുത്തി.

mallika-sukumaran

"ഞാനും അച്ഛനും പഴയ കോൺഗ്രസുകാരായിരുന്നു. ആ കോൺഗ്രസ് ഇന്നില്ലേ, തൊഴുതോണ്ട് ഞാൻ പറയുകയാ. ആ കോൺഗ്രസിനെ കാണാൻ പോലുമില്ല ഇന്ന് കേരളത്തിൽ. എന്റെ അച്ഛനൊക്കെ മഹാത്മാ ഗാന്ധി മരണപ്പെട്ട ദിവസം എല്ലാ ദിവസവും വെെകിട്ട് ഉപവസിക്കുമായിരുന്നു. അന്ന് എന്റെയൊക്കെ വിചാരം കോൺഗ്രസ് ആണ് ഇന്ത്യ ഉണ്ടാക്കിയത് എന്നായിരുന്നു. പിന്നീട് സ്വയം പഠിക്കാനും ചിന്തിക്കാനും തുടങ്ങിയപ്പേഴാണ് രാഷ്ട്രീയത്തിൽ പല ആൾക്കാരാണെന്ന് മനസിലായത്. ഏത് മന്ത്രിസഭ വന്നാലും എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടാകും"-മല്ലിക പറയുന്നു.

സുകുമാരന്റെ അമ്മയുടെ അപ്രതീക്ഷിത വിടവാങ്ങലിനെ കുറിച്ചും മല്ലിക ഓർത്തെടുത്തു. "സുകുവേട്ടന്റെ അമ്മ ഞങ്ങളോടൊപ്പം ഓണത്തിന് വന്നു. അന്ന് വന്ന അമ്മ പിന്നെ തിരിച്ച് പോയിട്ടേയില്ല. ഇനി ഞാന്‍ പോവുന്നില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. വടക്കോട്ടുള്ളവരിലാണ് ഇത്രയും വൃത്തിയും ശുദ്ധിയുമൊക്കെ കണ്ടിരിക്കുന്നത്. മല്ലികയും ഇതൊക്കെ കൃത്യമായി നോക്കുമല്ലോ, ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോവുന്നതിനിടയിലായിരുന്നു അമ്മ ഇതേക്കുറിച്ചൊക്കെ സംസാരിച്ചത്.

നാളെ പൊങ്കാലയിടുമ്പോൾ പറഞ്ഞോളൂ. അച്ഛന്റെയടുത്തേക്ക് അമ്മയെയും വേഗം കൊണ്ടുപോകണേന്ന്. പിന്നീട് പൊങ്കാലയുടെ പ്രസാദവുമായി വരുമ്പോൾ അമ്മ മരിച്ചു കിടക്കുന്നു. ഇങ്ങനെയൊരു മരണം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ദേവി വിളിച്ചോണ്ടുപോയ പോലായിരുന്നത്. ഒരുവേദനയും അറിയാതെ അമ്മ ആഗ്രഹിച്ചത് പോലെയായിരുന്നു ആ പോക്ക്. അത്രയും നന്മ ചെയ്ത അമ്മയാണ് അതെന്നും" മല്ലിക സുകുമാരൻ പറയുന്നു.