1. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ബന്ധത്തിന് തെളിവു തേടി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനുപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ കെ.ടി റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകള്‍ അടക്കം പുറത്ത് വന്നിരുന്നു. കെ.ടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. റെമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപ് മുഹമ്മദിന്റ ഫോണില്‍ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണം. അനൂപ് മുഹമ്മദ് അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കും.
2. അടിയന്തര സഹാചര്യത്തില്‍ അല്ലെങ്കില്‍ കൊവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടത് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മാറ്റേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ ആംബുലന്‍സില്‍ ഒപ്പം ഉണ്ടാകണം എന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് രോഗിയെ പീഡിനത്തിനിരയാക്കിയ സംഭവത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. അടിയന്തര ഘടത്തിലുള്ള ആളുകളെ മാത്രം രാത്രിയില്‍ മാറ്റും. രോഗം സ്ഥിരീകരിക്കുകയും എന്നാല്‍ ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല.
3. പ്രത്യേകിച്ച് രാത്രിയിലാണെങ്കില്‍, സ്ത്രീകളാണെങ്കില്‍. അവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാ അവസ്ഥയിലുള്ളവരോ ആയ സ്ത്രീകള്‍ ആണെങ്കില്‍ അവരെ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ അയക്കുന്ന ആംബുലന്‍സില്‍ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കല്‍ ടെക്നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകനോ ഉണ്ടാകണം. ജി.പി.എസ് സംവിധാനമുള്ള ഈ ആംബുലന്‍സുകള്‍ ചികില്‍സ കേന്ദ്രങ്ങളില്‍ എത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് ഉറപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്.
4. കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ നില തൃപ്തികരം. ഇന്നലെയാണ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച സി.പി.എം സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയി. കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്ക് നിലവില്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനാല്‍ ആണ് ആന്റിജന്‍ പരിശോധനയ്ക്ക് മന്ത്രി വിധേയനായത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും ഇതാദ്യമാണ്.
5. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റില്‍ ധനമന്ത്രി പങ്കെടുത്തിതിനെ തുടര്‍ന്നാണ് മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി ജയരാജന്‍, എം.എം മണി എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഇവരെല്ലാം കോവിഡ് പരിശോധനയ്ക്കും വിധേയരാകും. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന 12 ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ഇവരും നിരീക്ഷണത്തില്‍ ആണ്.
6. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. 90,802 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 42,04,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 1016 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 71,642 ആയി. നിലവില്‍ 8,82,542 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരം ആണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ എറ്റവും ഉയര്‍ന്ന വര്‍ധന ആയിരുന്നു. 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 10,794 പേര്‍ക്കും, തമിഴ്നാട്ടില്‍ 5,783 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ 6,777 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
7. ഒഡീഷയിലും റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത് 3,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ 1,797, ഝാര്‍ഖണ്ഡ് 1,774, ജമ്മുകശ്മീര് 1,316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെ ആയിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുക ആണ്. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബിലേക്കും ചണ്ഡീഗഡിലേക്കും, ആരോഗ്യ മന്ത്രാലയം കേന്ദ്രസംഘത്തെ അയച്ചു. പത്ത് ദിവസം സംഘം മേഖലയില്‍ ഉണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന, കേന്ദ്രഭരണ സര്‍ക്കാരുകളെ കേന്ദ്രസംഘം സഹായിക്കും.