kerala-woman-rape

തിരുവനന്തപുരം: കൊവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെ‌ക്‌ടർ അറസ്റ്റിൽ. തിരുവനന്തപുരം കല്ലറയ്‌ക്ക് സമീപം പാങ്ങോടാണ് സംഭവം. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ പ്രദീപ് കുമാറാണ് യുവതിയെ പീഡിപ്പിച്ചത്. അറസ്‌‌റ്റിലായ ഇയാളെ സ‌ർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.

കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ യുവതിയ്ക്ക് കൊവിഡില്ലന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സർട്ടിഫിക്കറ്റിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെ‌ക്‌ടർ പ്രദീപ് കുമാറിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാനാവശ്യപ്പെടുകയായിരുന്നു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോൾ അന്ന് രാത്രി മുഴുവൻ യുവതിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞദിവസം സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പോലീസിൽ പരാതി നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ട് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതോടെയാണ് പാങ്ങോട് പൊലീസ് പ്രദീപ്കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. പരാതിക്കാരിയെ പീഡനം നടന്ന ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു.

മൊഴിയിലെ ചില കാര്യങ്ങളിൽ വ്യക്തത കുറവുണ്ടങ്കിലും പരാതി ഗൗരവമുള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സർട്ടിഫിക്കറ്റിനായി യുവതിയെ വീട്ടിലേക്ക് വിളിച്ചെന്ന് പ്രദീപും സമ്മതിച്ചിട്ടുണ്ട്. സി.ഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്. പീഡനത്തിന് ഇരയായ യുവതി മലപ്പുറം ജില്ലയിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.