chavar-koona

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ മാലിന്യക്കൂനകളിലൊന്നായ കിള്ളിപ്പാലം- അട്ടക്കുളങ്ങരെ ബൈപ്പാസ് റോഡിലെ എരുമക്കുഴി ഇനി മാലിന്യ കേന്ദ്രമല്ല,​ മറിച്ച് നഗരത്തിന്റെ സുന്ദരമായ മുഖച്ഛായയുടെ പ്രതീകമെന്നോണം അവിടെ സൗന്ദര്യമുള്ള പൂക്കൾ പുഷ്പിച്ചു നിൽക്കും. എരുമക്കുഴിയെ മനോഹരമായ ഒരു പൂങ്കാവനം ആക്കുന്നതിനുള്ള ശ്രമങ്ങൾ നഗരസഭ തുടങ്ങി.

സ്‌മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുൾപ്പെടുത്തിയാണ് എരുമക്കുഴിക്ക് പുതിയ മുഖം നൽകുന്നത്. മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്ത ശേഷം എരുമക്കുഴിയിൽ പാർക്കും പൂന്തോട്ടവും നിർമ്മിക്കും. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ സമാനമായ മാലിന്യകേന്ദ്രം ഇത്തരത്തിൽ പാർക്കാക്കി മാറ്റിയിരുന്നു. ആ മാതൃക പിന്തുടർന്നാണ് എരുമക്കുഴിയേയും മാലിന്യമുക്തമാക്കുന്നത്. ഇതിനൊപ്പം അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. അടുത്ത മാസത്തോടെ പൂന്തോട്ടം പൂർത്തിയാകുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.

സ്ത്രീ സൗഹൃദ കേന്ദ്രം

പാർക്കും പൂന്തോട്ടവും കൂടാതെ ഇവിടെ ഒരു സ്ത്രീ സൗഹൃദ കേന്ദ്രവും സ്ഥാപിക്കാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ട്. രണ്ടാംഘട്ടത്തിലായിരിക്കും ഇത്. സ്ത്രീകൾക്കുള്ള വിശ്രമമുറി, അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളോടെയുള്ള മുറി, ഷീ ടോയ്‌ലറ്റുകൾ എന്നിവയും ഇവിടെയുണ്ടാകും.

മാലിന്യബോംബ്

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൺകണക്കിന് മാലിന്യമാണ് ഇവിടെ പുകഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും ആളിക്കത്താൻ പാകത്തിൽ കിടക്കുന്ന മാലിന്യങ്ങൾ ജനങ്ങൾക്ക് എന്നും ഭീതി ഉയർത്തിയിരുന്നു. തീപിടിത്തമുണ്ടായാൽ തൊട്ടടുത്തുളള എയ്റോബിക് ബിൻ യൂണിറ്റുകളിലേക്കോ സമീപ പ്രദേശത്തേക്കോ പടരാൻ ക്ഷണനേരം മതിയാകും. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാല ഈ മാലിന്യ ബോംബിന്റെ തൊട്ടടുത്താണ്. മാലിന്യക്കൂനയോട് ചേർന്ന് കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌‌ഫോർമറുമുണ്ട്. മതിലിനിപ്പുറം ലക്ഷങ്ങളുടെ ആക്രിസാധനങ്ങൾ സംഭരിച്ചിരിക്കുന്ന ഗോഡൗണുകളും അട്ടക്കുളങ്ങര- കിള്ളിപ്പാലം ബൈപാസിൽ ലോറികൾ ഉൾപ്പെടെ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവുമാണ്.

എരുമക്കുഴി

 മാലിന്യം കുമിഞ്ഞ് കൂടിയിട്ട് പത്തുവ‌ർഷം

 നീറിപ്പുകയുന്നത് നൂറ് ലോഡിലേറെ മാലിന്യം

 ചാലയിൽ നിന്ന് വിളപ്പിൽശാല പ്ളാന്റിൽ പോയിരുന്നത് ദിവസേന 25 ലോഡ്

 എരുമക്കുഴിയിൽ 30 എയ്റോബിക് ബിന്നുകളിലായി മൂന്നുമാസം സംസ്കരിക്കുന്നത് 45 ടൺ മാലിന്യം

കൊണ്ടുതള്ളി കൂനയായി

നഗരസഭ ടോട്ടൽ സ്‌റ്റേഷൻ സർവേ നടത്തിയതനുസരിച്ച് നഗരത്തിൽ 2388.18 എം ക്യൂബ് മാലിന്യമാണ് ഉണ്ടായിരുന്നത്. ജനരോഷത്തെ തുടർന്ന് വിളപ്പിൽശാല മാലിന്യ പ്ളാന്റ് അടച്ചുപൂട്ടിയതോടെ ഇവിടത്തെ മാലിന്യങ്ങൾ എരുമക്കുഴിയിലേക്കാണ് കൊണ്ടുപോയി തള്ളിയിരുന്നത്. ഇപ്പോൾ എരുമക്കുഴിയിലെ ഭൂരിഭാഗം മാലിന്യവും നീക്കിക്കഴി‌ഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽരഹിതരായ അന്യസംസ്ഥാന തൊഴിലാളികൾക്കും നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവർക്കും ദിവസക്കൂലി നൽകിയാണ് മാലിന്യം നീക്കം ചെയ്യുന്നത്. എരുമക്കുഴിയിലെ മാലിന്യം അവിടെതന്നെ വേർതിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് 10 രൂപ നിരക്കിൽ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് നൽകി. പുനരുപയോഗത്തിന് സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ വൃത്തിയാക്കിയാണ് കൈമാറുന്നത്‌.