തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ ഐ എം എ രംഗത്തെത്തി. ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന പ്രസ്താവനയാണ് ഐ എം എയെ ചൊടിപ്പിച്ചത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്നുമാണ് ഐ എം എ മന്ത്രിയാേട് ആവശ്യപ്പെട്ടത്.
ഹോമിയോ മരുന്നിന്റെ ഫലപ്രാപ്‍തിയെക്കുറിച്ച് നടത്തിയ പഠനം ചൂണ്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരിൽ കുറച്ച് പേർ മാത്രമേ വൈറസ് ബാധിതരായിട്ടുളളൂ എന്നും രോഗബാധിതരായവർക്ക് രോഗം വളരെ വേഗം ഭേദപ്പെട്ടെന്നും പറഞ്ഞ മന്ത്രി ഐ സി എം ആർ മാർഗനിർദേശങ്ങൾ ഉളളതിനാൽ സംസ്ഥാനത്ത് ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ഐ എം എയുടെ വിമർശനം.
അതിനിടെ ഹോമിയോ മരുന്ന് കഴിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന അവകാശവാദവുമായി ഹോമിയോ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. ഹോമിയോ മരുന്നിലൂടെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് അസോസിയേഷന്റെ അവകാശവാദം മറ്റ് ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടർമാർക്കെന്ന് ഹോമിയോ ഡോക്റും സംവിധായകനുമായ ഡോ.ബിജു പറഞ്ഞു. ഡോ.ബിജുവിന്റെ പഠനത്തെ അധികരിച്ച് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയെയാണ് ഐ എം എ വിമർശിച്ചത്.