ക്ഷേത്രങ്ങൾക്ക് പിന്നിൽ ഏറെ പുരാതന കഥകളുണ്ടാകും. ക്ഷേത്രം പണിതതു മുതൽ ഇന്ന് നിലനിൽക്കുന്ന ആചാരങ്ങൾ വരെ വെെവിധ്യമാർന്നതാണ്. നിർമാണ രീതിയിലും വാസ്തുവിദ്യയിലും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചില ക്ഷേത്രങ്ങൾ. അത്തരമൊരു ക്ഷേത്രമാണ് വയനാട്ടിലെ മുത്ത് മാരിയമ്മൻ കോവിൽ.
വയനാട് മേപ്പാടിയിൽ തേയിലത്തോട്ടങ്ങൾക്കരികെ തമിഴ് ശൈലിയിലാണ് മനോഹരമായ "മുത്ത് മാരിയമ്മൻ കോവിൽ". സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തമിഴരായിരുന്നു ഇവിടെയെത്തുന്നവരിലേറെയും. കൊവിഡ് കാലമായതോടെ വിശ്വാസികളുടെ വരവ് നന്നേ കുറഞ്ഞു. നിത്യപൂജകൾ ചെയ്യുന്ന പൂജാരി ഭഗവതി സിത്തൻ മാത്രമാണ് ഇപ്പോഴിവിടെയുള്ളത്. 32 വർഷമായ് വളരുന്ന ജഢ തലയിൽ ചുറ്റിക്കെട്ടി വച്ചിരിക്കുകയാണ് അദ്ദേഹം. ഒരു തലപ്പാവ് പോലെയാണിത്.
മുരുഗൻ, ഗണപതി, ദുർഗ, നാഗദേവത, മുനീശ്വര എന്നീ വിഗ്രഹങ്ങളും ഇവിടുണ്ട്. ഹിന്ദു വിശ്വാസപ്രകാരം, ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്നാട്ടിൽ ആരാധിച്ചുവരുന്ന ഒരു മാതൃഭഗവതിയാണ് മാരിയമ്മൻ. പാർവതി, ദുർഗാദേവി അഥവാ ആദിപരാശക്തിയുടെ മറ്റൊരു ഭാവമാണ് മാരിയമ്മൻ. ദേവീഭാഗവതത്തിൽ പറയപ്പെടുന്ന മഴയുടെ ഭഗവതിയായ ശതാക്ഷിയാണ് ഇത്. ഉത്തരേന്ത്യയിൽ മാരിയമ്മനു സമാനമായ ശക്തിസങ്കൽപമാണ് ശീതളാദേവി. മഹാകാളിയുടെ അവതാരമായും മാരിയമ്മനെ കരുതുന്നു.