തിരുവനന്തപുരം: കൊവിഡ് രോഗത്തെ തുടർന്നുണ്ടായ മരണങ്ങളുടെ എണ്ണം കൂടിയതോടെ നഗരത്തിലെ പ്രധാന ശ്മശാനമായ തൈക്കാട് ശാന്തികവാടത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നഗരസഭ ഒരുങ്ങുന്നു. മൃതദേഹങ്ങളുടെ ദഹിപ്പിക്കൽ വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ശാന്തികവാടത്തിൽ തയ്യാറാകുന്നത്.
എൽ.പി.ജി ക്രിമേഷൻ ഫർണസ്
നിലവിൽ രണ്ട് ഇലക്ട്രിക്കൽ ഫർണസുകളും സാധാരണ രീതിയിലുള്ള രണ്ട് സംസ്കാര കേന്ദ്രങ്ങളുമാണ് ശാന്തികവാടത്തിൽ ഇപ്പോഴുള്ളത്. ഇവ കൂടാതെ എൽ.പി.ജി (ഗ്യാസ്) ക്രിമേഷൻ ഫർണസ് കൂടി ശാന്തികവാടത്തിൽ സ്ഥാപിക്കുന്നുണ്ട്. 99 ശതമാനം പണിയും പൂർത്തിയായ എൽ.പി.ജി ഫർണസ് പ്രവർത്തനക്ഷമമായതായും ഈ മാസം തന്നെ തുറന്നു കൊടുക്കുമെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് ശേഷം നഗരത്തിൽ മരണനിരക്ക് കൂടിയിരുന്നു. നഗരപ്രദേശത്തിന് സമീപത്തുള്ള ശ്‌മശാനങ്ങളില്ലാത്ത പഞ്ചായത്തുകളും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി ശാന്തികവാടത്തെയാണ് ആശ്രയിക്കുന്നത്. ഇതോടെയാണ് ശാന്തികവാടത്തിലെ ഫർണസുകളുടെ എണ്ണം കൂട്ടാൻ നഗരസഭ തീരുമാനിച്ചത്.
ഫർണസുകളുടെ പ്രവർത്തനങ്ങൾക്കായി രണ്ട് ജൂനിയർ ഹെൽത്ത് ഇസ്‌പെക്ടർമാരെ നഗരസഭ സ്ഥിരമായി നിയമിച്ചിട്ടുണ്ട്. മാത്രമല്ല, ശാന്തികവാടത്തിൽ അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്നതിന്റെ ചുമതലയും ഈ ഉദ്യോഗസ്ഥർ വഹിക്കും. നിലവിൽ കരാറുകാരാണ് ഇവയുടെ ചുമതല വഹിച്ചുവരുന്നത്. അതിനാൽ തന്നെ സംസ്കാരത്തിന് സമയം ലഭിക്കുന്നത് സംബന്ധിച്ചും സംസ്കാര സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് സംബന്ധിച്ചും പൊതുജനങ്ങളിൽ നിന്ന് വലിയ തോതിൽ പരാതികളും കോർപ്പറേഷന് ലഭിച്ചു. മരണങ്ങൾ കൂടുതലായി നടക്കുമ്പോഴായിരുന്നു. ഇത്. പുതിയ സംവിധാനം വരുന്നതോടെ ഈ പരാതികൾക്ക് പരിഹാരമാകുമെന്ന് മേയർ ചൂണ്ടിക്കാട്ടി. മൃതദേഹം സംസ്കരിച്ചതിനു ശേഷം പൂക്കൾ, വാഴയില പോലുള്ള ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള കമ്പോസ്റ്റ് സംവിധാനവും ഒരുക്കുന്നുണ്ട്.