മുംബയ്: പഴയപ്രതാപം വീണ്ടെടുക്കുന്നതിന് ഒരുങ്ങി വോഡഫോൺ ഐഡിയ. പുതിയ ബ്രാൻഡ് നാമത്തോടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ട്. വോഡഫോൺ - ഐഡിയ എന്നതിന് പകരം ' Vi ( 'വീ' എന്നാണ് ഉച്ചരണം ) ' എന്ന പേരിലാകും ഇനി ഇരുകമ്പനികളും ചേർന്ന ബ്രാൻഡ് അറിയപ്പെടുക. വോഡഫോണിലെ ആദ്യ അക്ഷരമാണ് ' വി'. ഐഡിയയിലെ ആദ്യ അക്ഷരമാണ് ' ഐ '. നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ ശക്തമായ സ്വാധീനം ചെലുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐഡിയയ്ക്ക് താരതമ്യേന ഗ്രാമ പ്രദേശങ്ങളിലും വോഡഫോണിന് നഗരപ്രദേശങ്ങളിലുമാണ് സ്വാധീനം കൂടുതൽ. പുതിയ ബ്രാൻഡ് നാമത്തിനൊപ്പം തന്നെ ഉപഭോക്താക്കൾക്ക് പുത്തൻ ഓഫറുകളും സേവനങ്ങളും ലഭ്യമാകും.
പുതിയ ബ്രാൻഡ് രൂപപ്പെടുത്തുന്നതിനൊപ്പം തന്നെ പണസമാഹരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 25,000 കേടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഓഹരികൾ വിറ്റോ, കടപ്പത്രം വഴിയോ പണസമാഹരണം നടത്തും. ആമസോൺ, വെരിസോൺ എന്നിവ കമ്പനിയിൽ നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുണ്ട്. സർക്കാരിന് നൽകാനുള്ള എ.ജി.ആർ കുടിശ്ശിക തീർക്കാൻ വിപണിയിൽ നിന്ന് കടമെടുക്കാൻ കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിയതായി വോഡഫോൺ ഐഡിയ ലിമിറ്റഡ് സി.ഇ.ഒ രവീന്ദർ തക്കർ അറിയിച്ചു. 2018 ഓഗസ്റ്റ് 31നാണ് വോഡഫോണും ഐഡിയയും ഒന്നിച്ചത്. പുതിയ ബ്രാൻഡ് നാമം ഉടൻ തന്നെ കമ്പനിയുടെ വെബ്സൈറ്റ്, ആപ്പ് ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളിലും സിം കാർഡ്, ബിൽസ് തുടങ്ങിയ ഉത്പന്നങ്ങളിലും പ്രത്യക്ഷപ്പെടും.