കൊവിഡ് ലോക്ക് ഡൗണിൽ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ആരാധകരെ അത്ഭുതപ്പെടുത്തുകയും ആവേശത്തിലാഴ്ത്തുകയും ചെയ്ത ചിത്രം
ഏതെങ്കിലും സിനിമയിൽ നിന്നുള്ളതായിരുന്നില്ല. ജിമ്മില്‍ നിന്നും എടുത്ത വർക്ക് ഔട്ട് ചിത്രങ്ങളായിരുന്നു. കൊവിഡിലും തന്റെ പതിവ് വ്യായാമം മമ്മൂട്ടി മുടക്കിയില്ല. പിറന്നാൾ ദിനത്തിലും അതിന് മാറ്റമില്ല.
ഓരോ പിറന്നാൾ കടന്നുവരുമ്പോഴും മമ്മൂട്ടിയുടെ വർദ്ധിക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യം ഈ ഫിറ്റ്നസും അത് നിലനിർത്തുന്നതിലെ അദ്ദേഹത്തിന്റെ ശ്രദ്ധയുമാണെന്ന് അദ്ദേഹത്തിന്റെ പേഴ്സണല്‍ ഫിറ്റ്‌നസ് ട്രെയിനറും 'ഫിറ്റ്‌നസ് 4 എവര്‍' ജിംനേഷ്യം ഉടമയുമായ വിപിന്‍ സേവ്യര്‍ പറയുന്നു. വിപിന്‍ സേവ്യര്‍ മമ്മൂട്ടിയുടെ ഫിറ്റ്നസ് ട്രെയിനറാകുന്നത് 2007-ലാണ്.
വ്യായാമം മുഖ്യം
ഷൂട്ടിങ്ങിനായി എവിടെ പോകുമ്പോഴും അവിടെ വ്യായാമം ചെയ്യാന്‍ ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയിരിക്കും. മികച്ച ഫിറ്റ്‌നസ് ഉപകരണങ്ങളുള്ള ജിംനേഷ്യം മമ്മൂട്ടിയുടെ വീട്ടില്‍ തന്നെയുണ്ട്. ഷൂട്ടിംഗ് സമയമാണെങ്കിൽ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ രീതിയിലാണ് വ്യായാമ രീതികള്‍. രാവിലെ 7 മുതല്‍ ഒന്നര മണിക്കൂര്‍ നേരം. ട്രെഡ് മില്ലിലോ സൈക്കിളിലോ 15 മിനിറ്റ് നീളുന്ന വാംഅപ്പോടെയാണ് തുടക്കം. ലോക്ഡൗണ്‍ സമയത്ത് ഷൂട്ടിങ് ഇല്ലാതിരുന്നതുകൊണ്ടു വ്യായാമം 11 മണിയിലേക്കു മാറ്റി. 3 ദിവസം വെയ്റ്റ് ട്രെയിനിങ്, 3 ദിവസം കാര്‍ഡിയോ വര്‍ക്കൗട്ട് എന്നതായിരുന്നു രീതി.
മമ്മൂട്ടിക്ക് വേണ്ടി ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാനാണ് ഒരുദിവസം ജിമ്മിലെത്തി വര്‍ക്ക്ഔട്ടുകളെക്കുറിച്ച് അന്വേഷിച്ചത്. അന്നു സിനിമയില്‍ ഇല്ലാത്തതിനാല്‍ ദുല്‍ഖറിനെ എനിക്കുതിരിച്ചറിയാനായില്ല. പിന്നീടാണ് അതു മമ്മൂട്ടിയുടെ മകനാണെന്നും മമ്മൂക്കയ്ക്കുവേണ്ടിയാണ് ദുല്‍ഖര്‍ വന്നതെന്നും മനസ്സിലായത്. രണ്ടുദിവസം കഴിഞ്ഞ് മമ്മൂക്ക ജിമ്മിലെത്തി. ആ സമയത്ത് മുംബയില്‍ ഊര്‍മിള മഠോണ്ഡ്കറിനെ പരിശീലിപ്പിച്ച ഞാന്‍ അക്കാര്യം മമ്മൂക്കയോടു പറഞ്ഞു. അതുകേട്ടപ്പോള്‍ മമ്മൂക്ക ചിരിച്ചുകൊണ്ടുപറഞ്ഞത് തനിക്ക് ഊര്‍മിളയൊന്നും ആകേണ്ടെന്നായിരുന്നു.
നോമ്പുകാലത്തുപോലും താരം വര്‍ക്ക്ഔട്ട് മുടക്കാറില്ല. നോമ്പുസമയത്ത് രാവിലെ വര്‍ക്ക്ഔട്ട് ചെയ്തില്ലെങ്കിലും നോമ്പ് തുറന്നശേഷം രാത്രി ചില വര്‍ക്ക്ഔട്ടുകള്‍ ചെയ്യും. പുറത്ത് ഷൂട്ടിങ്ങിനുപോകുമ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ വിളിച്ച് അവിടത്തെ ജിം സൗകര്യങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്.ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ മമ്മൂക്ക വര്‍ക്ക്ഔട്ട് തുടരുകയായിരുന്നു എന്നും വിപിൻ പറയുന്നു.