ലണ്ടൻ: ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ ആളുകളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഒരാളെ കൊല്ലുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെയാണ് 27കാരനായ പ്രതിയെ പിടികൂടിയതെന്ന് വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസ് ചീഫ് സ്റ്റീവ് ഗ്രഹാം അറിയിച്ചു. പ്രതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിന്റെ നാലു ഭാഗങ്ങളിലായി നടന്ന സംഭവത്തിൽ എട്ടു പേർക്കാണ് പരിക്കേറ്റത്. ഒരാൾ മരണപ്പെട്ടു. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇത് ചാവേറാക്രമണത്തിന്റെ പരിധിയിൽ വരുമെന്നും അതിനാൽ ജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണിൽ ഒരു പാർക്കിലുണ്ടായ കത്തിക്കുത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷവും ബ്രിട്ടനിൽ സമാനമായ രീതിയിൽ രണ്ട് സംഭവങ്ങൾ അരങ്ങേറിയിരുന്നു. അന്ന് രണ്ട് കുറ്റവാളികളെയും പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.