വിയന്ന : അന്റാർട്ടിക്കയിൽ കൊണ്ടിട്ടാലും ജോസഫിന് അതൊക്കെ സിമ്പിളായിരിക്കും. രണ്ടര മണിക്കൂറല്ലേ കൂളായി ഐസിൽ മുങ്ങിക്കിടന്നത്. രണ്ടര മണിക്കൂറോ ? ഞെട്ടണ്ട. 5 മിനിറ്റ് പോലും ഐസ് ക്യൂബ് നിറച്ച പെട്ടിയിൽ കിടക്കാൻ പറഞ്ഞാൽ നമ്മളിൽ പലരും പോയി വേറെ പണി നോക്കാൻ പറയും. പക്ഷേ, ഓസ്ട്രിയക്കാരനായ ജോസഫ് കോയിബേൾ ഐസ് ക്യൂബ് നിറച്ച പെട്ടിയിൽ നേരിയ സ്വിം ട്രങ്കർ മാത്രം ധരിച്ച് രണ്ടര മണിക്കൂർ കിടന്നു. എന്നിട്ട് സംഭവിച്ചതാകട്ടെ, സ്വന്തം ലോക റെക്കോർഡ് തന്നെ തകർക്കുകയാണ് ജോസഫ് ചെയ്തത്.
ട്രാൻസ്പരന്റായിട്ടുള്ള ഒരു നീളൻ ഗ്ലാസ് ക്യാബിനുള്ളിലായിരുന്നു പരീക്ഷണം. ബോക്സിനുള്ളിലേക്ക് 42 കാരനായ ജോസഫ് ഇറങ്ങി നിന്നും. ജോസഫിന്റെ തോൾ ഭാഗം വരെ 200 കിലോഗ്രാമോളം വരുന്ന ഐസ്ക്യൂബുകൾ കൊണ്ട് മൂടുകയായിരുന്നു. ഓസ്ട്രിയയിലെ മെൽക്ക് നഗരത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ വച്ചായിരുന്നു ജോസഫിന്റെ പ്രകടനം. 2 മണിക്കൂർ 30 മിനിറ്റ് 47 സെക്കന്റ് കൊണ്ടാണ് ജോസഫ് ലോക റെക്കോർഡ് തകർത്തത്. ഇതിനുമുമ്പ് നിലനിന്നിരുന്ന റെക്കോർഡും ജോസഫിന്റെ പേരിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷം 2 മണിക്കൂർ, 8 മിനിറ്റ്, 47 സെക്കന്റ് നേരം ഐസ് ബാത്ത് നടത്തിയായിരുന്നു ജോസഫ് റെക്കോർഡ് സൃഷ്ടിച്ചത്.
തണുത്ത് മരവിച്ച് നല്ല വേദനയുണ്ടായിരുന്നെങ്കിലും പോസിറ്റീവ് ചിന്തകൾ മാത്രം മനസിൽ ആലോചിച്ച് വേദനയെ കീഴടക്കിയതായി ജോസഫ് പറയുന്നു. ഏതായാലും ഐസ് ബാത്തും റെക്കോർഡും നിറുത്താൻ ജോസഫ് തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം ലോസ്ആഞ്ചലസിൽ വച്ച് സ്വന്തം റെക്കോർഡ് വീണ്ടും തകർക്കാനാണ് ജോസഫിന്റെ ഉദ്ദേശ്യം.