തിരുവനന്തപുരം:നിരവധി തവണ സാംസ്‌കാരിക കൂട്ടായ്മകളുടെയും ഒത്തുചേരലുകളുടെയും വേദിയായി കഴിഞ്ഞ 17 വർഷമായി നിലകൊളളുന്ന മാനവീയം വീഥി പരിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് കോർപറേഷൻ. സാംസ്‌കാരിക കൂട്ടായ്‌മകളുടെ ഇടം എന്നതിൽ നിന്ന് വാഹനപാർക്കിംഗ് സ്ഥലമായി മാറിയതോടെയാണ് കോർപറേഷൻ വീധിയെ പരിഷ്‌കരിക്കാൻ തീരുമാനിച്ചത്.
രാജവീഥിയെന്ന് വിളിക്കപ്പെടുന്ന കവടിയാർ - വെള്ളയമ്പലം റോഡിലെ മത്സരയോട്ടം പൊലീസ് ഇടപെട്ട് തടഞ്ഞതോടെ സംഘങ്ങൾ ഇപ്പോൾ അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് മാനവീയം വീഥിയാണ്. ഇവിടത്തെ മത്സരയോട്ടത്തിൽ പ്രായ
പൂർത്തിയാകാത്തവരും പങ്കെടുക്കുന്നുണ്ട്. ഇവിടെ ഇത് തടയുകയും മതിയായ സുരക്ഷാ ക്യാമറകളും സംവിധാനങ്ങളും സ്ഥാപിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഒരു 'സാംസ്‌കാരിക ഇടനാഴി' ആക്കി നിലവിലെ റോഡിന്റെ മുഖച്ഛായ തന്നെ മാറ്രാനാണ് തീരുമാനം. തിരുവനന്തപുരം നഗരത്തിന്റെ തനത് തനിമയും പാരമ്പര്യവും ഉയർത്തിക്കാട്ടി വരുമാനം വർദ്ധിപ്പിക്കുന്ന തരത്തിൽ റോഡിനെ മനോഹരമാക്കി മാറ്റുകയാണ് ലക്ഷ്യം.
വഴിയോര ലൈബ്രറി, അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനുള്ള മുറി, ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, ഫുഡ് കിയോസ്ക്, സൈക്കിൾ പാർക്കിംഗ് കേന്ദ്രം എന്നിവ മാനവീയം വീധിയിൽ കൊണ്ടുവരും. സ്മാർട്ട് സിറ്റി
പദ്ധതിയുടെ കീഴിലാണ് ഈ വഴിയെ മികച്ചതാക്കി നഗരസഭ മാറ്റുന്നത്. ഇതോടൊപ്പം കാൽനടയാത്രക്കാർക്ക് പ്രയോജനം ലഭിക്കും തരത്തിൽ റോഡ് നവീകരിക്കും. റോഡിലുള്ള ബാരിയറുകൾ എല്ലാം നീക്കി ചെടികൾ നട്ടുപിടിപ്പിച്ച് പാതയോരം സൗന്ദര്യമുളളതാക്കും.