വാഷിംഗ്ടൺ: കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുന്നതിനിടെ കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന പുതിയ രോഗം കണ്ടെത്തി അമേരിക്കൻ ഗവേഷകർ. മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോമെന്നാണ് അസുഖത്തിന്റെ പേര്. ഗവേഷകരുടെ പഠനപ്രകാരം, ലക്ഷണങ്ങൾ പ്രകടമാക്കാത്ത കൊവിഡ് അണുബാധ വന്നശേഷം, മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ആരോഗ്യമുള്ള കുട്ടികളെ ഈ രോഗം ബാധിക്കും. വേണ്ട രീതിയിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് കുട്ടികളുടെ ഹൃദയത്തിന്റെ പ്രവർത്തന ശേഷിയെ ബാധിക്കുമെന്നും പഠനത്തിലുണ്ട്.
ഈ അസുഖത്തിന് രോഗലക്ഷണങ്ങൾ ഇല്ല. രോഗബാധയുണ്ടെന്ന് ആർക്കും മനസിലാകുകയുമില്ല. എന്നാൽ രോഗം ബാധിച്ച് കുറച്ച് ആഴ്ചകൾക്ക് ശേഷം അവരുടെ ശരീരത്തിൽ ഇത് പ്രകടമാകും. പനി, വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവ ബാധിക്കും. ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നതിനാൽ ഇത് മാരകമായേക്കാം - ടെക്‌സാസ് ഹെൽത്ത് സയൻസ് സെന്ററിലെ എം.ഡി അൽവാറോ മൊറേറിയ പറഞ്ഞു. നിലവിൽ 11 കുട്ടികൾ ഈ രോഗം ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.