ഹൈദരാബാദ്: പാതിരാത്രി മോതിരം മാറി അവർ ഒന്നാകാൻ തീരുമാനിച്ചു. തമിഴ് ചലച്ചിത്രതാരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമാണ് ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ കേട്ടുതുടങ്ങിയിട്ട് നാളേറെയായി. രണ്ടുപേരും ചേർന്നുളള പുതുവർഷ ചിത്രങ്ങൾ പുറത്തുവന്നതല്ലാതെ ഔദ്യോഗികമായി വിഷ്ണുവോ ജ്വാലയോ പ്രണയബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒന്നിക്കാനുളള പ്രഖ്യാപനം അവർ പുറത്തുവിട്ടത്.
ജ്വാലയുടെ പിറന്നാൾ ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. മോതിരംമാറ്റത്തിന്റെ ചിത്രങ്ങളും വിഷ്ണു പുറത്തുവിട്ടു. വിഷ്ണുവിന്റെ കുറിപ്പ് ഇങ്ങനെ..'ഹാപ്പി ബെർത്ത് ഡേ ജ്വാല. ഇതൊരു പുതിയ തുടക്കമാവട്ടെ. ഒന്നിച്ചിരുന്ന് നല്ല നാളേയ്ക്കായി പ്രയ്തനിക്കാം. നമുക്കും ആര്യനും നമ്മുടെ കുടംബത്തിനും ചുറ്റുമുളളവർക്കുമായി... എല്ലാവരുടെയും അനുഗ്രഹം വേണം'. വിഷ്ണുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് തൊട്ടുപിന്നാലെ ജ്വാലയുടെ ട്വീറ്റും വന്നു. 'അവസാന രാത്രിയിലാണ് ഇത് സംഭവിച്ചത്. ഇതുവരെയുളള ജീവിതം വലിയ യാത്രയായിരുന്നു. തുടർന്നങ്ങോട്ട് മറ്റൊന്ന്' എന്നായിരുന്നു ജ്വാലയുടെ ട്വീറ്റ്.
തികച്ചും യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല നേരത്തെ പറഞ്ഞിരുന്നു. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. രാക്ഷസൻ എന്ന സിനിമ സൂപ്പർഹിറ്റായി ഓടുമ്പോഴായിരുന്നു വിവാഹമോചനം.അമലാപോളിനെ വിവാഹം ചെയ്യാനാണ് ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചതെന്നാണ് അന്ന് കേട്ടിരുന്നത്. ഈ ബന്ധത്തിൽ വിഷ്ണുവിന് ഒരു മകനുണ്ട്. അതാണ് ആര്യൻ.