
ഏതൻസ്: തങ്ങൾക്ക് മാസ്കും വേണ്ട, വാക്സിനും വേണ്ടെന്ന് ഗ്രീക്ക് ജനത. അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് 44 ശതമാനം ആളുകളും കൊവിഡ് പ്രതിരോധ വാക്സിനും മാസ്കിനും എതിരായി വോട്ടു ചെയ്തത്. ഇവ രണ്ടും വേണ്ടെന്ന് വയ്ക്കാനുള്ള കാരണം സർവേയിൽ വ്യക്തമാക്കിയിട്ടില്ല. 44നും 54നും ഇടയിൽ പ്രായമുള്ളവരാണ് ഇവ രണ്ടും നിഷേധിച്ചിരിക്കുന്നവരിലേറെയും. സൗജന്യമായി ലഭിച്ചാൽ പോലും വാക്സിൻ വേണ്ടെന്നാണ് ഇവരുടെ നിലപാട്. മെട്രൺ അനാലിസിസ് എന്ന ഗ്രീക്ക് കമ്പനിയാണ് ജനങ്ങൾക്കിടയിൽ സർവേ നടത്തിയത്. രോഗത്തെ പൊരുതി തോൽപ്പിക്കാനാണ് താത്പര്യമെന്ന് ചെറിയ ഒരു വിഭാഗം സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെക്കാൾ ഫലപ്രദമായ രീതിയിൽ കൊവിഡ് രോഗത്തെ പിടിച്ചുനിറുത്തിയ രാജ്യമാണ് ഗ്രീക്ക്. വാക്സിൻ കണ്ടെത്തിയാൽ പോലും അത് നിർബന്ധമാക്കില്ലെന്നും വാക്സിനായി പിന്തുണ പ്രഖ്യാപിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നുമാണ് ഗ്രീക്ക് സർക്കാർ പറയുന്നത്. ലോകത്തിന്റെ പല ഭാഗത്തും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ലോക്ഡൗണിനെതിരെയും മാസ്ക് ധരിക്കലിനെതിരെയുമൊക്കെ പൊതുജനം തെരുവിലിറങ്ങി തുടങ്ങിയിട്ടുണ്ട്.