കൊല്ലം: ഉപേക്ഷിച്ചു എന്ന് കണക്കാക്കിയ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ പെട്ടെന്ന് പ്രഖ്യാപിച്ചതിന്റെ അമ്പരപ്പിലാണ് കേരളത്തിലെ രണ്ട് മണ്ഡലങ്ങളിലെ ജനങ്ങൾ. 2021ൽ നടക്കേണ്ട തിരഞ്ഞെടുപ്പിലേക്ക് കഷ്ടിച്ച് 8 മാസം മാത്രം ബാക്കി നിൽക്കെ ഈ പോരാട്ടം അതിനു മുൻപുളള സെമി ഫൈനൽ പോരാട്ടമായി ചവറ, കുട്ടനാട് ഉപ തിരഞ്ഞെടുപ്പുകളെ കാണുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.മുന്നണികൾ സ്ഥാനാർത്ഥി നിർണയമടക്കം പൂർത്തിയാക്കി ഒന്നര മാസം കൊണ്ട് പ്രചാരണം പൂർത്തിയാക്കേണം. അതിനാൽ തന്നെ പ്രവർത്തനം ദ്രുതഗതിയിലാക്കിയിരിക്കയാണ് മൂന്ന് മുന്നണികളും.
തിരഞ്ഞെടുപ്പിന്റെ ആലോചനായോഗങ്ങളും തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ കാര്യത്തിൽ യു.ഡി.എഫിന് കൂടുതൽ ആലോചനകൾ വേണ്ടിവന്നില്ല, ആർ.എസ്.പിയുടെ സീറ്റിൽ മുൻ മന്ത്രി ഷിബു ബേബിജോൺ തന്നെ മത്സരിക്കുമെന്ന് ഉറച്ചു കഴിഞ്ഞു. ഷിബുവിന് വേണ്ടി പ്രചരണവും തുടങ്ങിക്കഴിഞ്ഞു. മന്ത്രിയായിരിക്കെ നടത്തിയ വികസന നേട്ടങ്ങളും ബേബിജോണിന്റെ പാരമ്പര്യവുമൊക്കെ വിജയത്തിന് അനുകൂല ഘടകങ്ങളായി മാറ്റി വിജയിക്കാമെന്നാണ് യുഡിഎഫിന്റെ
കണക്കുകൂട്ടൽ.
എന്നാൽ, ഇടത് മുന്നണി അങ്കത്തട്ടിലിറക്കുന്നത് ആരെയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സി.എം.പി സ്ഥാനാർത്ഥിയായാണ് വിജയൻ പിള്ള മത്സരിച്ച് ജയിച്ചതെങ്കിലും പിന്നീട് പാർട്ടി സി.പി.എമ്മിൽ ലയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ മകൻ ഡോ.വി. സുജിത്തിനെ സി.പി.എം പരിഗണിക്കാനാണ് സാദ്ധ്യത. എന്നാൽ സി.പി.എമ്മിന്റെ പാർട്ടി നേതാക്കൾ മത്സരിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ ജി. മുരളീധരൻ, സാമൂഹിക ക്ഷേമബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്യാം മോഹൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. സർക്കാരിന്റെ പ്രതിച്ഛായ മുന്നിൽക്കണ്ട് ഏറ്റവും വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാകും മത്സരിക്കുക. ശക്തമായ പോരാട്ടത്തിനായി വനിത സ്ഥാനാർത്ഥിയെ ബിജെപി പരിഗണിക്കുമെന്നും സൂചനയുണ്ട്. ഇപ്പോൾ മത്സരിക്കുന്നയാൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ പ്രാപ്തനാകണമെന്ന നിശ്ചയമുള്ളതിനാൽ കണക്കുകൂട്ടലുകൾ തുടരുകയാണ്. കൊല്ലം ജില്ലയിൽ നിന്നുള്ളയാൾ മത്സരിക്കണമെന്നാണ് പൊതുവെ പാർട്ടിക്കുള്ളിലെ വികാരം.
ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാവും ചവറയിൽ നടക്കുക. ആർ.എസ്.പിയുടെ കോട്ടയായാണ് ചവറ മണ്ഡലം അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അതിന് മാറ്റം വന്നത്. 6,189 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയൻ പിള്ള അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബിജോണിനെ തോൽപ്പിച്ചത്. സീറ്റ് വിഭജിച്ചപ്പോൾ സി.എം.പി ക്കാ 1977 ൽ രൂപീകരിച്ച മണ്ഡലത്തിൽ 2011 വരെ ആർ.എസ്.പിയെയും ഇടത് മുന്നണിയെയും പിന്തുണച്ചു. മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ബേബിജോൺ മത്സരിച്ചിരുന്ന മണ്ഡലം. അദ്ദേഹത്തിന്റെ മരണശേഷം മകൻ ഷിബു ബേബിജോണും മണ്ഡലത്തിൽ നിന്ന് വിജയിച്ചു 2011ൽ. 2016ൽ വിജയൻ പിള്ളയിലൂടെ ചവറ സീറ്റ് സി.എം.പിക്കും പിന്നീട് സി.പി.എമ്മിനുമായി.