കൊട്ടിയം : യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയുമായി പ്രതി ഹാരിസും ഉമ്മയും നടത്തിയ ഫോൺ സംഭാഷണങ്ങൾ പുറത്ത്. റംസി മരിക്കുന്നതിന് മുമ്പ് ഹാരീസിന്റെ ഉമ്മയുമായി നടത്തിയ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏറെ നേരം ഫോണിൽ സംസാരിച്ച ശേഷമാണ് റംസി മുറിയിൽ കയറി വാതിലടയ്ക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തത്. 10 വർഷത്തോളമായി റംസിയും ഹാരിസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഹാരിസ് മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലായതോടെയാണ് റംസിയുമായുള്ള വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. റംസി മരിക്കുന്നതിന് മുമ്പ് നടത്തിയ ഫോൺ കോളിലും ഹാരിസും മറ്റൊരു പെൺകുട്ടിയും തമ്മിലുള്ള ബന്ധം പരാമർശിക്കുന്നുണ്ട്.
ഫോൺ കോളിൽ പറയുന്നത്
' ഇക്കൂ, ഞാൻ എന്ത് തെറ്റാണ് ചെയ്തത്. ഞാൻ ഒന്നും പിടിച്ചു വാങ്ങുകയല്ല, എനിക്ക് തരാമെന്ന് പറഞ്ഞ് മുന്നിലേക്ക് വച്ച് നീട്ടിയ ജീവിതമാണ് ആവശ്യപ്പെടുന്നത്. എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോൾ ഞാനെങ്ങനെയാണ് സമാധാനത്തോടിരിക്കുക ' എന്ന് റംസി ഹാരിസിനോട് കരഞ്ഞ് ചോദിക്കുന്നുണ്ടെങ്കിലും യാതൊരു കുലുക്കവുമില്ലാതെയാണ് ഹാരിസിന്റെ സംസാരം. തനിക്ക് മുന്നിൽ രണ്ട് വഴികളാണുള്ളതെന്നും ഒന്ന് മറ്റേ ബന്ധം നിറുത്തി ഹാരിസ് തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ തനിക്കും ജീവനും വേണ്ട, ജീവിതവും വേണ്ട എന്ന് റംസി പറയുന്നു. എന്നാൽ ഇതു കേൾക്കുമ്പോൾ പോലും വളരെ നിസാരമായാണ് ഹാരിസ് ഉൾക്കൊള്ളുന്നതെന്ന് മനസിലാക്കാം. റംസി കരഞ്ഞ് മരിക്കുമെന്ന സൂചന നൽകിയിട്ടും യാതൊരു കൂസലുമില്ലാതെ ശരിയെന്നാണ് ഹാരിസ് പറയുന്നത്.
തനിക്ക് ഒന്നാലോചിക്കണമെന്നും നാളെ 12 മണി വരെ സമയം നൽകണമെന്നും ഹാരിസ് റംസിയോട് പറയുന്നുണ്ട്. റംസി അത് സമ്മതിക്കുകയും ചെയ്തു. പിന്നീട് ഹാരിസിന്റെ ഉമ്മയാണ് റംസിയോട് ഫോൺ വാങ്ങി സംസാരിച്ചത്. ഹാരിസ് തന്നെ വേണ്ടെന്ന് പറഞ്ഞതായി റംസി പറഞ്ഞപ്പോൾ അതിനെ വളരെ നിസാരവത്കരിച്ചായിരുന്നു ഹാരിസിന്റെ ഉമ്മയുടെ പ്രതികരണം. ' അതു നല്ല കാര്യമാണ്. നീ പോടി പെണ്ണേ, നിന്റെ പണി നോക്ക്. നീ നല്ല ചെക്കനെ നോക്കി പോകാൻ നോക്ക്. മനസിന് കട്ടി വച്ച് ജീവിക്കൂ. അവന്റെ വാപ്പയുടെ ആളുകൾ സമ്മതിക്കില്ല. അവർ നിന്നെ അംഗീകരിക്കില്ല. അവനെ അവന്റെ പാട്ടിന് വിട്ടേക്കൂ. നിന്റെ മാതാപിതാക്കൾ പറയുന്ന ബന്ധമാണ് ഏറ്റവും നല്ലത്. നീ സുന്ദരിയാണ്. നല്ല ഭാവിയുണ്ട്. അന്തസുള്ള ജോലിയുണ്ട്. ' ഹാരിസിനെ വിട്ട് വീട്ടുകാർ പറയുന്ന മറ്റൊരു വിവാഹത്തിന് റംസി തയാറാകണം എന്ന തരത്തിൽ റംസിയെ കുറ്റപ്പെടുത്താതെയുള്ള രീതിയിലായിരുന്നു ഹാരിസിന്റെ ഉമ്മയുടെ സംസാരം.
എന്നാൽ ഇതിനിടെയിലും തനിക്ക് മറ്റൊരു ജീവിതം വേണ്ടെന്ന് റംസി ആവർത്തിച്ചു പറയുന്നുണ്ട്. തന്നെ ഇങ്ങോട്ട് വന്ന് സ്നേഹിച്ചതാണല്ലോ എന്നും തനിക്ക് ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാമല്ലോ എന്നും റംസി ഹാരിസിന്റെ ഉമ്മയോട് ചോദിക്കുന്നുണ്ട്. അതൊന്നും സാരമില്ലെന്നും അത് നിങ്ങൾക്ക് രണ്ടാൾക്കും മാത്രമാണ് അറിയാവുന്നതെന്നുമായിരുന്നു ഹാരിസിന്റെ ഉമ്മയുടെ പ്രതികരണം. തന്നോട് ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ തോന്നുന്നു എന്നും തന്നെ വിവാഹം കഴിക്കാൻ താത്പര്യമില്ലെങ്കിൽ എന്തിനാണ് വളയിടൽ നടത്തിയതെന്നും റംസി ചോദിക്കുന്നു. അന്നൊന്നും ഹാരിസിന്റെ ബന്ധുക്കൾക്ക് എതിർപ്പ് കണ്ടില്ലല്ലോ എന്നും റംസി ചോദിക്കുന്നു. ഹാരിസിന് 10 ലക്ഷം രൂപയുടെ കടമായെന്നും ബാദ്ധ്യതകളെ പറ്റിയും ഉമ്മ പറയുന്നുണ്ട്. കടം വീട്ടാൻ സഹായിക്കാത്ത ഈ ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് എന്തിനാണ് തന്നെ ഒഴിവാക്കുന്നതെന്നും താൻ എന്ത് കുറ്റമാണ് ചെയ്തതെന്നും റംസി ചോദിക്കുന്നുണ്ട്. താൻ പോകുവാണെന്നും ഉമ്മയുടെ മോനെ ശല്യം ചെയ്യില്ലെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ തന്റെ മയ്യത്ത് കാണാൻ പോലും വരരുതെന്ന് പറഞ്ഞാണ് റംസി ഫോൺ കോൾ അവസാനിപ്പിക്കുന്നത്.
ഒന്നര വർഷം മുമ്പ് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വിവാഹം നടത്തണമെന്ന് റംസി ഹാരിസിനോട് ആവശ്യപ്പെട്ടെങ്കിലും സ്വന്തമായി വർക്ക് ഷോപ്പ് തുടങ്ങണമെന്നും ഇപ്പോൾ വിവാഹത്തിന് പറ്റിയ സാഹചര്യമില്ലെന്നും പറഞ്ഞ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. വളയിടൽ ചടങ്ങ് നടത്തിയെങ്കിലും ഓരോ കാരണവും സാമ്പത്തിക ബാദ്ധ്യതയും പറഞ്ഞ് ഹാരിസും കുടുംബവും വിവാഹം നീട്ടിക്കൊണ്ട് പോവുകയായിരുന്നു.