innova-car

മാഹി:കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇത്തിരി സ്ഥലത്ത് പാ‌ർക്ക് ചെയ്ത ഇന്നോവ കാറും അത് അനായാസം അവിടെ നിന്ന് ഓടിച്ച് കൊണ്ട് പോകുന്ന ഡ്രൈവറും. ഡ്രൈവിംഗിനെ പ്രശംസിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് എത്തിയിരുന്നു. വൈറലായ ഇന്നോവ കാറും അമ്പരപ്പിക്കുന്ന വീഡിയോയും ഇപ്പോഴും ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറി കൊണ്ടിരിക്കുന്നു.

ഇതൊന്നും അറിയാതെ ആ കാർ ഓടിച്ച് പോയ ഒരാളുണ്ട്. സോഷ്യൽ മീഡിയയിലെ ഡ്രൈവിംഗ് ഹീറോ പി.ജെ ബിജു.

ഭാര്യ തമാശയ്ക്ക് പകര്‍ത്തിയ വീഡിയോ വൈറലായത് വൈകിയാണ് ഇദ്ദേഹം അറിഞ്ഞത്. മാഹിക്കാരനായ ബിജുവാണ് ആ വൈറൽ ഇന്നോവ ഡ്രൈവര്‍.

സംഭവം ഇങ്ങനെ: 'സുഹൃത്തിന്റെ കാറാണത്. സര്‍വീസിന് കൊടുക്കാന്‍ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാന്‍ തോടിന് കുറുകേ കടക്കാന്‍ വച്ചിരിക്കുന്ന സ്ലാബാണ്. വര്‍ഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായത്‌ െകാണ്ട് അവിടെ കാര്‍ പാര്‍ക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാന്‍ ഇവിടെയാണ് ചിലപ്പോള്‍ ഇടുന്നത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാര്‍ക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു.

പാര്‍ക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണില്‍ എടുത്തിരുന്നു. പിറ്റേന്ന് ഞാന്‍ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണില്‍ പകര്‍ത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്. അല്ലാതെ താരമാകാനോ ഷോ കാണിക്കാനോ ചെയ്തതല്ല.

ഞാന്‍ എറണാകുളം- കണ്ണൂര്‍ ബസ് ഡ്രൈവറായിരുന്നു കുറേ കാലം. ഇപ്പോള്‍ മാഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചെറുപ്പം മുതല്‍ വാഹനങ്ങളും ഡ്രൈവിങും കമ്പമാണ്. വണ്ടി കഴുകിക്കൊടുത്ത് തുടങ്ങിയ ഇഷ്ടമാണ്. ഇന്ന് ഈ പറയുന്ന മികവും സൂക്ഷ്മതയുമെല്ലാം പരിചയം കൊണ്ട് ഉണ്ടായതാണ്.' ബിജു പറയുന്നു.

വണ്ടിയില്‍ നിന്നും രണ്ടുകുപ്പി വെള്ളം എടുത്ത് പുറത്തുവച്ചതിനും ഒരുപാട് കമന്റുകള്‍ വന്നിരുന്നു. സത്യം പറഞ്ഞാല്‍ പൊട്ടിക്കാത്ത രണ്ടു കുപ്പി വെള്ളം കാറിലുണ്ടായിരുന്നു. സര്‍വീസിന് കൊടുക്കാന്‍ പോകുവല്ലേ. ഞാനതെടുത്ത് പുറത്തുവയ്ക്കാം നീ വന്ന് എടുക്കണേ എന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. റോഡിന് അപ്പുറം ഭാര്യ ഉണ്ടായിരുന്നു. അല്ലാതെ ഒന്നുമില്ല.'