ബീജിംഗ്: സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിനുകൾ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് ചൈന. ബീജിംഗ് ട്രേഡ് ഫെയറിലാണ് ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നീ കമ്പനികൾ വികസിപ്പിച്ച വാക്സിനുകൾ പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇവ വിപണിയിൽ എത്തിയിട്ടില്ല. എന്നാൽ, മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കുന്നതോടെ ഇവയ്ക്ക് വർഷാവസാനം തന്നെ അനുമതി ലഭിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
വാക്സിന് ഉത്പാദനശാലയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞുവെന്ന് സിനോവാക് പ്രതിനിധി വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രതിവർഷം 30 കോടി ഡോസുകൾ നിർമ്മിക്കാന്‍ പ്രാപ്തമായ ഉത്പാദനശാലയാണിതെന്നാണ് അവകാശവാദം. വാക്സിൻ എടുക്കുന്നവരിൽ ആന്റിബോഡികൾ ഒന്നു മുതൽ മൂന്ന് വർഷംവരെ നിലനിൽക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം പറയുന്നു. പരീക്ഷണങ്ങൾ പൂർത്തിയായ ശേഷമെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂവെന്നും അവർ പറയുന്നു.
ചൈനീസ് വാക്സിനുകളുടെ വില ഒരിക്കലും ഉയർന്നതാവില്ലെന്നും സിനോഫാമിന്റെ ചെയർമാൻ അടക്കമുള്ളവര്‍ വാക്സിന് എടുത്തുകഴിഞ്ഞുവെന്നും ഗ്ലോബൽ ടൈംസ് നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.
അതേസമയം, ലോകത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നമാതായ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം ശക്തമാകുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്ഥിതിയും ഗുരുതരമാണ്. ലോകത്ത് നിലവിൽ 27,332,110 രോഗികളാണുള്ളത്. മരണം 893,697 ആയി. 19,410,302 പേർ രോഗവിമുക്തരായി.