covid-vaccine-

ബീജിംഗ്: കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് ലോക രാജ്യങ്ങൾ കുറ്റപ്പെടുത്തിയ ചെെന ഇപ്പോൾ കൊവിഡ് മരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനോവാക് ബയോടെക്, സിനോഫാറം എന്നി ചൈനീസ് കമ്പനികളാണ് കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ഈ ആഴ്ച ചെെനീസ് വിപണിയിൽ പ്രദ‌‌ർശിപ്പിച്ച വാക്സിൻ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം ഈ വർഷം അവസാനത്തോടെ വാക്സിൻ വിപണിയിൽ എത്തിക്കാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. മൂന്ന് ഘട്ടമായുളള പരീക്ഷണങ്ങളാണ് വാക്സിൻ പുറത്തിറക്കാനായി ഇനി വേണ്ടി വരിക. വാക്സിൻ നിർമാണത്തിൽ വലിയ ആത്മവിശ്വസമാണ് അധികൃതർ പങ്കുവയ്ക്കുന്നത്. ഇക്കാരണത്താൽ തന്നെ പ്രതിവർഷം 300 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ സാദ്ധിക്കുന്ന വാക്സിൻ ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയതായി സിനോവാക് കമ്പനി അധികൃതർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചെെന വാക്സിൻ കണ്ടെത്തി നഷ്ടമായ പേര് വീണ്ടെടുക്കാനുളള ശ്രമത്തിലാണ്. വാക്സിൻ പൂർണവിജയമായാൽ അത് ലോകജനതയുടെ നല്ലതിനാണെന്നും എല്ലാവർക്കും വീതരണം ചെയ്യുമെന്നും ചെെനീസ് പ്രസിഡന്റ് ഷിജിൻ പിംഗ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം കൊവിഡ് വെെറസ് വുഹാനിലെ ലാബിൽ നിന്നും പുറത്ത് വന്നതാണെന്ന ആരോപണം നിലനിൽക്കെ ചെെന തങ്ങളുടെ വാക്സിൻ പുറത്തിറക്കുന്നത് പുതിയ വ്യാപര തന്ത്രമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.