വാഷിംഗ്ടൺ : തന്റെ പുതിയ പ്രസ്താവനയുമായി യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വാർത്തകളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് അന്തരിച്ച കൊടുംഭീകരൻ ഒസാമ ബിൻലാദന്റെ സഹോദരപുത്രി നൂർ ബിൻ ലാദൻ. മറ്റൊരു വേൾഡ് ട്രേഡ് സെന്റർ ആക്രമണം ആവർത്തിക്കാതിരിക്കാനും അമേരിക്കയെ ഭീകരവാദത്തിൽ നിന്നും രക്ഷിക്കാനും ട്രംപിന് മാത്രമേ സാധിക്കൂ എന്നാണ് നൂർ പറയുന്നത്. ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നൂറിന്റെ പ്രസ്താവന. ആദ്യമായാണ് നൂർ ഒരു മാദ്ധ്യമ അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ബിൻ ലാദന്റെ മൂത്ത സഹോദരൻ യെസ്‌ലം ബിൻ ലാദന്റെ മകളാണ് നൂർ.
അൽഖ്വയിദ തലവനായിരുന്ന ബിൻ ലാദൻ 2001 സെപ്റ്റംബർ 11ന് നാല് ഭീകരാക്രമണങ്ങളാണ് അമേരിക്കയിൽ നടത്തിയത്. 2,977 പേരാണ് അന്ന് മരിച്ചത്. 25,000ത്തിലേറെ പേർക്ക് പരിക്കേറ്റു. ലാദന് വേണ്ടി യു.എസ് ആർമി തിരച്ചിൽ ആരംഭിക്കുകയും 2011ൽ പാകിസ്ഥാനിൽ വച്ച് വധിക്കുകയുമായിരുന്നു. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകാലയളവിൽ ഐസിസ് ഭീകരരുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചതായും യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കും ഐസിസ് ശക്തി വ്യാപിപ്പിക്കാൻ തുടങ്ങിയതായും നൂർ ചൂണ്ടിക്കാട്ടി. ബറാക് ഒബാമയുടെ ഭരണകാലത്ത് യു.എസ് വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. ഇന്ന് ട്രംപിന്റെ എതിരാളിയാണ് ബൈഡൻ. ബൈഡന്റെ നയങ്ങളെ ട്രംപ് ചോദ്യം ചെയ്യുന്നതിനെയും നൂർ പ്രശംസിച്ചു.
ട്രംപിന്റെ കീഴിൽ അമേരിക്കക്കാർ സുരക്ഷിതരാണെന്നും അതുകൊണ്ടാണ് താൻ അദ്ദേഹത്തെ ബഹുമാനിക്കുന്നതെന്നും നൂർ പറഞ്ഞു. തീവ്രവാദികളെ വേരോടെ ഇല്ലാതാക്കുന്നതിലൂടെയും ആക്രമണത്തിന് അവസരം നൽകുന്നതിന് മുമ്പ് വിദേശ ഭീഷണികളെ വേരോടെ പിഴുതെറിഞ്ഞും ട്രംപ് തന്റെ കഴിവ് തെളിയിച്ചതായി നൂർ പറയുന്നു. 1988ൽ തന്റെ മാതാപിതാക്കൾ വിവാഹ മോചിതരായത് മുതൽ അമ്മയ്ക്കും രണ്ട് സഹോദരിമാർക്കും ഒപ്പം സ്വിറ്റ്സർലൻഡിലാണ് നൂർ താമസിക്കുന്നത്. നൂർ വിദ്യാഭ്യാസം പൂർത്തിയാക്കിയതും അവിടെയാണ്. വിവാഹ മോചനശേഷം പിതാവ് തന്റെ മാതാവിനെയോ തങ്ങളെയോ കാണാൻ എത്തിയിട്ടില്ലെന്ന് നൂർ പറയുന്നു.
യൂണിവേഴ്സിറ്റി ഒഫ് ജനീവയിൽ നിന്നാണ് നൂർ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം സ്വന്തമാക്കിയത്. പിന്നീട് യൂണിവേഴ്സിറ്റി ഒഫ് ലണ്ടനിൽ നിന്നും നിയമബിരുദം നേടി. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുമ്പോൾ നൂറിന് 14 വയസായിരുന്നു. മൂന്നാം വയസ് മുതൽ തന്റെ അമ്മയോടൊപ്പം നിരവധി തവണ നൂർ അമേരിക്കയിൽ എത്തിയിട്ടുണ്ട്.