സൂപ്പർ സ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്ന തിരക്കിലാണ് മലയാളികള്‍. വാപ്പച്ചിക്ക് സ്നേഹചുംബനം നല്‍കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മകള്‍ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്‌പെഷ്യല്‍ കേക്ക് തന്നെ പറഞ്ഞ് ചെയ്യിപ്പിച്ചു.
മനോഹരമായ നീല നിറത്തിലുള്ള കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
കേക്കിലുമുണ്ട് ധാരാളം പ്രത്യേകതകള്‍. മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറെ ഇഷ്ടമുള്ള വാപ്പച്ചിക്ക് മകള്‍ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. കാരണം വാപ്പച്ചിക്കായി പിറന്നാള്‍ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി.
മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയത് എന്ന് കേക്ക് ബേക്കേഴ്‌സ് പറയുന്നു. മരവും ഓറഞ്ചും സ്‌ട്രോബറിയുമൊക്കെ കേക്കില്‍ കാണാം. സുറുമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കേക്ക് ചെയ്തതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെ ഇവര്‍ വ്യക്തമാക്കി.