മുംബയ്: താനുമായി പ്രണയത്തിലാകുന്നതിന് മുൻപും സുശാന്ത് സിംഗ് രാജ്‍പുത്ത് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, 2016ൽ കേദാർനാഥ് സിനിമയുടെ സെറ്റിൽ ചരസ് ഉപയോഗിച്ചിരുന്നെന്ന് സുശാന്ത് പറഞ്ഞുവെന്നും താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ മൊഴി. സുശാന്ത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു മുന്നിലാണ് റിയയുടെ വെളിപ്പെടുത്തൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നൽകിയതായി നടി സമ്മതിച്ചിരുന്നു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ റിയ നിഷേധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് എൻ.സി.ബിയുടെ ശ്രമം. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നടിയുടെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മയക്കുമരുന്ന് കടത്തിന് റിയ തന്റെ സ്റ്റാർഡം ഉപയോഗിച്ചിരുന്നുവോയെന്നും എൻ.സി.ബി അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക്ക് ചക്രവർത്തിയെയും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെയും ഒപ്പമിരുത്തിയാണ് റിയയെ ചോദ്യം ചെയ്യുന്നത്. സഹോദരൻ ഷോവിക്കുമായി നടത്തിയ വാട്‍സാപ് ചാറ്റുകൾ ലഹരിമരുന്നുമായി ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരും.
സുശാന്തിന്റെ സഹോദരിക്കെതിരെ റിയയുടെ പരാതി
സുശാന്തിന്റെ മരണത്തിൽ നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ പരാതി നൽകി റിയ ചക്രവർത്തി. പ്രിയങ്ക നൽകിയ അവാസ്തവമായ മരുന്നുകുറിപ്പാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിയ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. പ്രിയങ്ക, ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോ.തരുൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സുശാന്ത് മരിക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് ഇവർ വിഷാദ രോഗത്തിനുള്ള പുതിയ മരുന്നുകൾ നൽകിയത്. കൃത്യമായ പരിശോധനകളില്ലാതെ എങ്ങനെയാണ് മരുന്നെഴുതുന്നതെന്ന് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് റിയയുടെ ആവശ്യം. പ്രിയങ്കയും സുശാന്തുമായി ജൂൺ 8ന് നടത്തിയ ചാറ്റുകളെ ആസ്പദമാക്കിയാണ് റിയ പരാതി നൽകിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ചാറ്റിനെക്കുറിച്ച് പ്രിയങ്ക തന്നെയാണ് അന്വേഷണ വിഭാഗത്തോട് സംസാരിച്ചത്. സുശാന്തിന്റെ ഡോക്ടർ നിർദ്ദേശിക്കാത്ത മരുന്നുകൾ കഴിക്കരുതെന്ന് താൻ സുശാന്തിനെ വിലക്കിയിരുന്നു. എന്നാൽ, സഹോദരിയുടെ വാക്കുകളോടായിരുന്നു കൂടുതൽ വിശ്വാസം. മറ്റൊരു സഹോദരിയായ മീട്ടു സിംഗ് ഒപ്പം താമസിക്കാൻ വന്ന ജൂൺ 8നാണ് തന്നോട് ഫ്ളാറ്റ് വിട്ടു പോകാൻ സുശാന്ത് ആവശ്യപ്പെട്ടത്. അന്നാണ് സുശാന്തിന്റെ താൻ ജീവനോടെ അവസാനമായി കണ്ടതെന്നും റിയ പരാതിയിൽ പറയുന്നു.