accident

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ കുറവ് രേഖപ്പെടുത്തി. എന്നാൽ,​ റോഡിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനയുണ്ടായി. 2019ൽ 39,​944 റോ‌ഡപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 4370 പേർക്കാണ് ജീവൻ നഷ്ടമായത്. അതിന് മുമ്പുള്ള വർഷം ഇത് യഥാക്രമം 40,​181ഉം 4303 ഉം ആയിരുന്നു. കഴിഞ്ഞകൊല്ലം ഏറ്റവും കൂടുതൽ പേർ അപകടങ്ങളിൽ മരിച്ചത് തൃശൂർ ജില്ലയിലാണ്, 213 പേർ.

ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് തലസ്ഥാന ജില്ലയിലെ അപകടങ്ങളിൽ 16.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 2019ൽ 1704 അപകടങ്ങളാണ് തലസ്ഥാന ജില്ലയിൽ ഉണ്ടായത്. 2018ൽ ഇത് 2036 ആയിരുന്നു. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അധികൃതർ മുന്നിട്ടിറങ്ങിയതാണ് അപകടങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് കാണിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഗതാഗത നിയമലംഘനത്തിന് പിഴ വർദ്ധിപ്പിച്ചതും അപകടങ്ങളുടെ എണ്ണം കുറയാനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം,​ എറണാകുളം,​ തൃശൂർ,​ മലപ്പുറം,​ കോഴിക്കോട്,​ കണ്ണൂർ എന്നീ ആറ് പൊലീസ് ജില്ലകളിലായി 291 പേരാണ് മരിച്ചത്.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ ബോധവത്കരണം നടത്തിവരുന്നുണ്ട്. ഇതുകൂടാതെ എൻഫോഴ്സ് മെന്റ് നടപടികളും ശക്തമാണ്. വാഹനപ്പെരുപ്പവും റോഡുകളുടെ സ്ഥിതിയും പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എങ്കിലും അപകട നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. ഇതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വകുപ്പ് അധികൃതർ പറയുന്നത്.

അതേസമയം, ഈ വർഷത്തെ കണക്കെടുത്താൽ അപകടങ്ങളിൽ വൻതോതിൽ കുറവുണ്ടായിട്ടുണ്ട്. കൊവിഡ് മൂലമുള്ള ലോക്ക് ഡൗണിൽ വാഹനങ്ങൾ പുറത്തിറങ്ങാത്തതാണ് പ്രധാന കാരണം. ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും പൊതു ഗതാഗതം ഇതുവരെ കാര്യമായി സജീവമായിട്ടില്ല. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും നിരത്തിലിറങ്ങുന്നവയുടെ എണ്ണം കുറവാണ്. നിരത്തിൽ തിരക്ക് കുറഞ്ഞതും ഇക്കൊല്ലം അപകടങ്ങൾ കുറയുന്നതിന് കാരണമായി. ഇക്കൊല്ലത്തെ ഇതുവരെയുള്ള കണക്ക് ഔദ്യോഗികമായി ലഭ്യമായിട്ടില്ല.

വർഷം,​ അപകടങ്ങൾ,​ മരണം എന്ന ക്രമത്തിൽ

2018- 40,​181, ​ 4303

2019-39, 944,​ 4370

ആറ് പൊലീസ് ജില്ലകളിലെ 2019ലെ വാഹനാപകട മരണങ്ങൾ

തിരുവനന്തപുരം - 60
കൊച്ചി- 155
തൃശൂർ- 213
മലപ്പുറം- 149
കോഴിക്കോട്- 179
കണ്ണൂർ- 82