രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി
ബംഗളൂരു:ബംഗളൂരു ലഹരിമരുന്നുകേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയും മലയാളിയുമായ നിയാസാണ് പിടിയിലായത്. അഞ്ചുവർഷമായി ബെംഗളൂരുവിലാണ് ഇയാൾ താമസിക്കുന്നത് അതേസമയം കേസിൽ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തോട് നടി പൂർണമായും സഹകരിക്കുന്നില്ലെന്നും നിശാപാർട്ടികളിൽ പങ്കെടുത്തെന്നല്ലാതെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അവരെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ബംഗളൂരു നിംഹാൻസിലെ വനിതാഹോമിൽ പാർപ്പിച്ചിരിക്കുന്ന നടിയെ സി.സി.ബിയിലെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച നടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ സിഗരറ്റ് കുറ്റികളുടെ ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
സിനിമ താരങ്ങളടക്കം പങ്കെടുത്തിരുന്ന നിശാപാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രവിശങ്കറുമായി രാഗിണിക്കുള്ള ബന്ധത്തെകുറിച്ച വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. രവിശങ്കറിന്റെ മൊഴിയും ഇയാളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും നിർണായകമാവും. ഒന്നാം പ്രതി ശിവപ്രകാശ് രാഗിണിയുടെ മുൻ സുഹൃത്താണെന്നും നിശാപാർട്ടികളിൽ ഇരുവരും പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ഇപ്പോഴത്തെ സുഹൃത്തായ രവിശങ്കറും ശിവപ്രകാശും 2019 മാർച്ചിൽ ബംഗളൂരു അശോക് നഗറിലെ ഹോട്ടലിൽ നടിയുടെ സാന്നിദ്ധ്യത്തിൽ അടിപിടി നടത്തിയതിന് പൊലീസ് കേസുണ്ട്.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി നിശാപാർട്ടികൾ സംഘടിപ്പിച്ചിരുന്ന മൂന്നാം പ്രതി വിരേൻ ഖന്നക്ക് രണ്ടു വർഷം മുമ്പ് രാഗിണിയെ പരിചയപ്പെടുത്തിയത് രവിശങ്കറാണ്. പ്രതിപ്പട്ടികയിലുള്ളള ആദിത്യ ആൽവയുമായും വിരേൻ ഖന്നക്ക് പരിചയമുണ്ടെന്നും സി.സി.ബി പറഞ്ഞു. നടിമാരായ സഞ്ജന ഗൽറാണിക്കും നിവേദിതയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
അറസ്റ്റിലായ നൈജീരിയൻ സ്വദേശി സാംബ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിൻെറ ഏജന്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് ബിറ്റ്കോയിൻ ഇടപാടിലൂടെ വ്യാപാരം നിയന്ത്രിക്കുന്ന ഇതേസംഘം തന്നെ ഗോവ, മുംബയ്, ഡൽഹി അടക്കം നഗരങ്ങളിലും മയക്കുമരുന്ന് എത്തിച്ചതായാണ് വിവരം. മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അനുമതി നൽകിയത്.