ദേഷ്യത്തിൽ അടിച്ച പന്ത് കൊണ്ട് വനിതാ ലൈൻ ജഡ്‌ജ് നിലത്ത് വീണു
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവക്ക് ജോക്കോവിച്ച് നാടകീയമായി പുറത്തായി. പാബ്ലോ കാരാനോ ബുസ്റ്റയ്ക്കെതിരെയുള്ള പ്രീക്വാർട്ടർ മത്സരത്തിനിടെ ഒരു പോയിന്റിന് പിന്നിൽ നിൽക്കവെ ദേഷ്യത്തിൽ പുറത്തേക്കടിച്ച പന്ത് വനിതാ ലൈൻ ജഡ്ജിയുടെ കഴുത്തിൽ കൊണ്ടതിനെത്തുടർന്നാണ് ജോക്കോവിച്ചിനെ അയോഗ്യനാക്കിയത്. സ്പാനിഷ് താരത്തോട് ഒന്നാം സെറ്റിൽ 5-6ന് പിന്നിൽ നിൽക്കുകയായിരുന്നു ജോക്കോവിച്ച് അപ്പോൾ. ജോക്കോവിച്ച് അടിച്ച പന്ത് കൊണ്ട് നിലത്ത് വീണ ജഡ്ജ് വേദനകൊണ്ട് നിലവിളിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ജോക്കോവിച്ച് അടുത്തെത്തി ജഡ്ജിനെ ആശ്വസിപ്പിക്കുകയും ക്ഷമപറയുകയും ചെയ്തു. തുടർന്ന് പത്ത് മിനിട്ടോളം ടൂർണമെന്റ് റഫറി ലൈൻ ജഡ്ജുമായി ചർച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഗ്രാൻഡ് സ്ലാം നിയമപ്രകാരം കോർട്ടിൽ വച്ച് എതിർ കളിക്കാരനോ റഫറിക്കോ കാണികൾക്കോ മറ്റാർക്കെങ്കിലും എതിരെയോ അപകടകരമായും അലക്ഷ്യമായും പന്തടിച്ചാൽ ആ കളിക്കാരൻ അയോഗ്യനാക്കപ്പെടും.
മനപൂർവ്വമല്ല താൻ പന്തടിച്ചതെന്നും ജഡ്ജിയുടെ ദേഹത്ത് അബദ്ദത്തിൽ കൊണ്ടതാണെന്നും റഫറിമാരെയും കോർഡിനേറ്ററെയും ബോദ്ധ്യപ്പെടുത്താൻ ജോക്കോ പലതവണ ശ്രമിച്ചെങ്കിലും ടൂർണമെന്റിന്റെ നിയമമനുസരിച്ചേ തങ്ങൾക്ക് നിലപാടെടുക്കാനാവൂ എന്ന് അവർ വ്യക്തമാക്കുകയായിരുന്നു. ഗ്രാൻഡ്‌സ്ലാം ചീഫ് സൂപ്പർവൈസറുടേയും മറ്റും നിലപാടും റഫറി തേടി.
അയോഗ്യനാക്കപ്പെട്ടെന്ന അറിയിപ്പ് വന്നതോടെ പാബ്ലോ ബുസ്റ്രയ്ക്ക് കൈ കൊടുത്ത് റഫറിയ്ക്ക് ഷേക്ക്ഹാൻഡ് നൽകാതെ ജോക്കോവിച്ച് പുറത്തേക്ക് പോവുകയായിരുന്നു. മാദ്ധ്യ പ്രവർത്തകരോടും സംസാരിക്കാതെ താരം നേരെ തന്റെ കാറിൽ കയറി ഹോട്ടൽ റൂമിലേക്ക് പോയി. അധികം വൈകാതെ തന്റെ ഇൻസ്റ്രഗ്രാം അക്കൗണ്ടിലൂടെ ജോക്കോവിച്ച് ക്ഷമാപണം നടത്തി. ജോക്കോവിച്ച് പുറത്തായതോടെ ഇത്തവണ യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത ഒരാൾ സ്വന്തമാക്കുമെന്ന കാര്യം ഉറപ്പായി.
പ്രൈസ് മണി നഷ്ടം
ഇത്തവണത്തെ യു.എസ് ഓപ്പണിൽ നിന്ന് നേടിയ റാങ്കിംഗ് പോയിന്റുകളും പ്രൈസ് മണിയും ജോക്കോയ്ക്ക് നഷ്ടമാകുമെന്ന് ടൂർണമെന്റ് കമ്മിറ്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 1990ൽ ആസ്ട്രേലിയൻ ഓപ്പണിനിടെ ജോൺ മക്കെൻ റോയും 1995ൽ വിംബിൾഡണിൽ ജെറമി ബേറ്റ്‌സിനൊപ്പം കളിക്കുകയായിരുന്ന ടിം ഹെൻമാനും കോർട്ടിലെ മാന്യതയില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ നടപടി നേരിട്ടുണ്ട്.
ഒരു നിമിഷത്തെ പിഴ
പതിനെട്ടാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ മൂന്ന് തവണ യു.എസ് ഓപ്പൺ നേടിയിട്ടുള്ള ജോക്കോവിച്ചിന് ഫെഡററുടേയും നദാലിന്റെയും അഭാവത്തിൽ ഇത്തവണ ചാമ്പ്യൻപട്ടം എളുപ്പം സ്വന്തമാക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ എല്ലാ തകർക്കുകയായിരുന്നു.
കൊവിഡ് വിവാദം
ജോക്കോവിച്ച് കഴിഞ്ഞയിടെ കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് പ്രദർശന ടെന്നിസ് മത്സരം സംഘടിപ്പിച്ചത് വിവാദമായിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത ജോക്കോവിച്ച് ഉൾപ്പെടെ കൊവിഡ് ബാധിതരാവുകയും ചെയ്തു.
ബാഡ് ബോയ്
നേരത്തേയും ജോക്കോവിച്ച് നിയന്ത്രണം വിട്ട് കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2016ലെ ഫ്രഞ്ച് ഓപ്പണിൽ തോമസ് ബർഡിച്ചുമായുള്ള മത്സരത്തിനിടെ ദേഷ്യം നിയന്ത്രിക്കാനാകാതെ ജോക്കോ വലിച്ചെറിഞ്ഞ റാക്കറ്റ് ലൈൻ ജഡ്‌ജിന്റെ തൊട്ടരികിലൂടെയാണ് പോയ്ത്. ആ വർഷം തന്നെ ഡൊമനിക്ക് തീമിനെതിരായ എ.ടി.പി ഫൈനൽസിനിടെ ജോക്കോവിച്ച് അടിച്ച പന്ത് ഗാലറിയിൽ മുൻനിരയിലുണ്ടായിരുന്ന സ്റ്രാഫിന്റെ മുഖത്താണ് കൊണ്ടത്.
ആ സംഭവത്തിന്റെ പേരിൽ വലിയ ദു:ഖവും ശൂന്യതയും അനുഭവപ്പെടുന്നു. ലൈൻ ജഡ്ജിനെപ്പറ്രി അന്വേഷിച്ചപ്പോൾ കുഴപ്പമില്ലെന്നാണ് അറിഞ്ഞത്. ദൈവത്തിന് നന്ദി. ഇത്തരമൊരു ബുദ്ധിമുട്ട് അവർക്ക് നേരിട്ടതിൽ അതിയായ ഖേദമുണ്ട്. അവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ഒന്നും മനപൂർവമായിരുന്നില്ല. തെറ്റ് പറ്രിപ്പോയി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒരു മനുഷ്യൻ എന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഈ തെറ്റിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകും. യു.എസ് ഓപ്പണിനോടും അതിന്റെ ഭാരവാഹികളോടും മാപ്പു പറയുന്നു. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ ടീമിനോടും കുടുംബത്തിനോടും ആരാധകരോടും ഞാനേറെ കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും നന്ദി, എന്നോട് ക്ഷമിക്കുക.
ജോക്കോവിച്ചിന്റെ
ഇൻസ്റ്രഗ്രാം കുറിപ്പിൽ നിന്ന്