china

വാഷിംഗ്ടൺ: പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ സൈനിക വിന്യാസ കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ വിഭാഗമാണ്(യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് ഡിഫൻസ്) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. നിരവധി രാജ്യങ്ങളിൽ സൈനികാവശ്യങ്ങൾക്കായി ചൈന ഇത്തരം കേന്ദ്രങ്ങൾ നിർമിക്കാൻ ചൈന പദ്ധതിയിടുന്നുണ്ടെന്നും രാജ്യം അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇതിലൂടെ ലോകമാകമാനം തങ്ങളുടെ സൈനിക ശേഷി വ്യാപിപ്പിക്കാനാണ് ചൈനയുടെ ലക്ഷ്യമിടുന്നതെന്നാണ് അനുമാനം. തങ്ങളുടെ വ്യോമ, നാവിക, കരസേനാ വിഭാഗങ്ങൾക്ക് സഹായകമാകുന്ന രീതിയിലാണ് ഇത്തരം സൈനിക കേന്ദ്രങ്ങൾ ചൈന നിർമിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഫ്രിക്കൻ രാജ്യമായ ജിബൗട്ടിയിൽ ഇത്തരത്തിലൊരു താവളം ചൈന ഇപ്പോൾ തന്നെ സൃഷ്ടിച്ചുകഴിഞ്ഞു.

പാകിസ്ഥാനെ കൂടാതെ, മ്യാന്മാർ, തായ്‌ലൻഡ്, സിംഗപ്പോർ, ഇൻഡോനേഷ്യ, ശ്രീലങ്ക, യു.എ.ഇ, കെനിയ, ടാൻസാനിയ, അംഗോള, താജിക്കിസ്ഥാൻ,തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ പട്ടികയിലുള്ളത്. പാകിസ്ഥാൻ തന്നെയാണ് ഇക്കാര്യത്തിൽ ചൈനയുടെ ഏറ്റവും അടുത്ത പങ്കാളി.

വികസന പദ്ധതികളിലൂടെ മറ്റ് രാജ്യങ്ങളിൽ അധികാരം സ്ഥാപിച്ച് ശീലമുള്ള ചൈന, പാകിസ്ഥാനിൽ തുറമുഖങ്ങളും പൈപ്പ്ലൈനുകളും നിർമിച്ച് അതുവഴി തങ്ങൾക്ക് ആവശ്യമുള്ള വിഭവങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്നുമുണ്ട്. ചൈനയുടെ 'വൺ ബെൽറ്റ്, വൺ റോഡ്' പദ്ധതിയുടെ ഭാഗമായുള്ള ഈ നീക്കം വഴി, മലാക്ക കടലിടുക്ക് വഴിയല്ലാതെ എളുപ്പത്തിൽ വിഭവങ്ങൾ എത്തിക്കാൻ കഴിയുമെന്നതാണ് ബീജിംഗ് കാണുന്ന നേട്ടം.

അതിനവർ ഉപയോഗിക്കുന്നതോ, പാകിസ്ഥാനെയും. മാത്രമല്ല, ആസിയാൻ, ബ്രിക്സ്, ആഫ്രിക്കൻ യൂണിയൻ എന്നീ ലോകരാഷ്ട്ര കൂട്ടായ്മകളിലും വിവിധ മാർഗങ്ങളിലൂടെ ചൈന പതുക്കെ പിടിമുറുക്കി തുടങ്ങുന്നതായും യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് ഡിഫൻസിൽ സൂചനയുണ്ട്. ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ മാര്ഗങ്ങളിലൂടെ തങ്ങളുടെ അധീനതയിലാക്കുക എന്നതാണ് ചൈനയുടെ ആത്യന്തിക ലക്ഷ്യം എന്നതാണ് അനുമാനം.