thomas-k-thomas

തിരുവനന്തപുരം: തോമസ്ചാണ്ടി തുടങ്ങിവച്ച പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ കൂടിയായ തന്റെ ലക്ഷ്യമെന്ന് കുട്ടനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന തോമസ്.കെ തോമസ്. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന പാലം പണികൾക്ക് മുൻതൂക്കം നൽകും. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നമായിരിക്കും എൽ.ഡി.എഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം. കുടിവെള്ള പ്രശ്‌നത്തിന് കൃത്യമായ പരിഹാരം എന്റെ കൈയ്യിലുണ്ട്. കുട്ടനാട് മണ്ഡലം കഴിഞ്ഞ ഒമ്പത് മാസമായി നാഥനില്ലാ കളരിയാണ്. തോമസ് ചാണ്ടിയുടെ പേരിൽ അദ്ദേഹം നടത്തിയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഓടി നടക്കുന്നുവെന്നല്ലാതെ എനിക്ക് ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ല. എൻ.സി.പിയുടെ നിർവ്വാഹകസമിതിയംഗം എന്നത് പ്രസ‌ക്തമായ ഒരു സ്ഥാനമല്ല. ചേട്ടന്റെ കൂടെ എല്ലാം നോക്കി നടത്താൻ ഉണ്ടായിരുന്നത് കൊണ്ട് മന്ത്രിമാർക്കും മറ്റ് ഓഫീസുകളിലുമെല്ലാം എന്നെ അറിയാം. അതുകൊണ്ട് ഇത്രയും നാൾ ഓരോ കാര്യങ്ങൾ ചെയ്യാൻ പറ്റി. പക്ഷേ, ഇനി ഒരു തിരഞ്ഞെടുപ്പ് നടന്നെങ്കിൽ മാത്രമേ നേരത്തെ കിട്ടാനുള്ള എം.എൽ.എ ഫണ്ടിന്റെ ബാക്കിയും ഇക്കൊല്ലം കിട്ടാനുള്ള എം.എൽ.എ ഫണ്ടുമൊക്കെ മണ്ഡലത്തിന് കിട്ടുകയുള്ളൂ. ഇതെല്ലാം കൂടി പതിനെട്ട് കോടി രൂപയുണ്ട്. പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് നാല് മാസത്തേക്ക് എന്തിനാ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തോന്നാം. എന്നാൽ ഓരോ വാർഡിലും ആ പണം ഉപയോഗിച്ച് 20 ലക്ഷത്തിന് പുറത്ത് വികസനം നടത്താൻ കഴിയുമെന്ന് തോമസ് കെ തോമസ് പറയുന്നു. തോമസ് കെ തോമസ് 'ഫ്ളാഷി'നോട്..

ശിവശങ്കർ മാന്യത കാണിച്ചില്ല

സ്വർണക്കടത്ത് വിവാദം ഉൾപ്പടെ സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ദോഷകരമായി ബാധിക്കില്ല. പ്രതിപക്ഷം എത്രയൊക്കെ നോക്കിയിട്ടും ആകെ ഒരു ശിവശങ്കറിനെ മാത്രമാണ് കിട്ടിയിരിക്കുന്നത്. ശിവശങ്കർ ഇടതുപക്ഷക്കാരനല്ല, അയാളൊരു ഐ.എ.എസുകാരനാണ്. യു.ഡി.എഫിന്റെ കാലത്തും എൽ.ഡി.എഫിന്റെ കാലത്തും ശിവശങ്കർ ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുന്ന ആൾ കാണിക്കേണ്ട മാന്യത ശിവശങ്കർ കാണിച്ചില്ല. അതല്ലാതെ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ സ്വർണക്കടത്തുമായി യാതൊരു ബന്ധമില്ല. എന്നാൽ എന്തെങ്കിലുമൊക്കെ ആക്കി തീർക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷം കാണിക്കുന്നത്. അതൊക്കെ കുട്ടനാട്ടിലെ ജനം മനസിലാക്കും.

എല്ലാവർക്കും ആഗ്രഹം കാണും

എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. മാണി.സി കാപ്പൻ, എ.കെ ശശീന്ദ്രൻ, പീതാംബരൻ മാസ്റ്റർ ഇവർ മൂന്ന് പേരും എന്റെ പേര് മാത്രമാണ് പറഞ്ഞത്. ആ പേര് പ്രഫുൽ പട്ടേലും ശരത് പവാറും അംഗീകരിച്ചു. പേര് പീതാംബരൻ മാസ്റ്റർ എൽ.ഡി.എഫ് കൺവീനർക്ക് കൊടുത്ത ശേഷം മുന്നണി അംഗീകരിക്കുമ്പോൾ മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. എ.കെ ശശീന്ദ്രനും മാണി സി കാപ്പനും തോമസ് കെ തോമസാണ് സ്ഥാനാർത്ഥിയെന്ന് പറയുന്നതിൽ കുഴപ്പമൊന്നുമില്ല. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വരാതെ പീതാംബരൻ മാസ്റ്റർക്ക് പറയാനാകില്ല. അതുകൊണ്ട് മാത്രമാണ് ഞാനാണ് സ്ഥാനാർത്ഥിയെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നത്. എല്ലാവർക്കും സ്ഥാനാർത്ഥിയായാൽ കൊള്ളാമെന്ന ആഗ്രഹം പാർട്ടിയിലുണ്ട്. കാരണം മൂന്നരക്കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്ത് 140 എം.എൽ.എമാരിൽ ഒരാളാവുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് ആയതിനാൽ എല്ലാ കണ്ണുകളും കുട്ടനാട്ടിലേക്കും ചവറയിലേക്കും മാത്രമായിരിക്കും. സ്വാഭാവികമായും എല്ലാവർക്കും ആഗ്രഹം കാണും. ആർക്കാണോ വിധിച്ചിരിക്കുന്നത് അവർ സ്ഥാനാർത്ഥിയാകും. ഇത്തവണ എനിക്കാണ് വിധിച്ചിരിക്കുന്നത്.

ചേട്ടൻ പോയ ശേഷം

തോമസ് ചാണ്ടി പോയ ശേഷം ഞാൻ കാണുന്നത് വേറൊരു ലോകമാണ്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് കൊവിഡ് വരുന്നത്. മഹാമാരി കാരണം ഞങ്ങളുടെ റിസോർട്ടുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കുവൈറ്റിലെ സ്‌കൂൾ ഉൾപ്പടെ എല്ലാം അടച്ചിടേണ്ടിവന്നു. ഹോട്ടലുകളും സൂപ്പർ മാർക്കറ്റും അടച്ചു. എല്ലാ രീതിയിലും ചിന്തിക്കാൻ കഴിയാത്ത ക്ഷീണമാണ് കൊവിഡും അദ്ദേഹത്തിന്റെ മരണവും സമ്മാനിച്ചത്. ഞാൻ കൂടി രാഷ്ട്രീയത്തിൽ സജീവമാകുന്ന സാഹചര്യത്തിൽ എന്റെയും തോമസ് ചാണ്ടിയുടെയും കുട്ടികളായിരിക്കും ഇനി ബിസിനസ് നോക്കി നടത്തേണ്ടി വരുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് എനിക്ക് താത്പര്യമൊന്നുമില്ലായിരുന്നു. തോമസ് ചാണ്ടിയാണ് നിർബന്ധിച്ച് എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.

ഭിന്നത അവസരമാകും

കേരള കോൺഗ്രസിലെ ഭിന്നത ഞങ്ങൾക്ക് അവസരമായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ജോസഫ് ഗ്രൂപ്പ് കുട്ടനാട്ടിൽ വലിയൊരു ശക്തിയൊന്നുമല്ല. മണ്ഡലത്തിൽ യഥാർത്ഥത്തിൽ ശക്തിയുള്ള പാർട്ടികൾ സി.പി.എമ്മും കോൺഗ്രസും മാത്രമാണ്. ബാക്കിയുള്ള പാർട്ടികളെല്ലാം കൊച്ചു കൊച്ചു സംവിധാനത്തിൽ നിന്ന് പോവുന്നതാണ്. തോമസ് ചാണ്ടി ജയിച്ചിരുന്നത് അദ്ദേഹത്തിന് ലഭിച്ചിരുന്ന വ്യക്തിപരമായ വോട്ടുകൾ കൊണ്ടാണ്. മണ്ഡലത്തിലെ എല്ലാ സമുദായങ്ങൾക്കിടയിലും അദ്ദേഹം സ്വീകാര്യനായിരുന്നു. യു.ഡി.എഫുമായി നടക്കുന്ന മത്സരത്തിൽ ഈസി വാക്കോവർ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.