ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി പ്രശ്നം മുതലെടുക്കാനൊരുങ്ങി പാകിസ്ഥാൻ. നിയന്ത്രണ രേഖയിലൂടെ ഭീകരരെ കാശ്മീരിലേക്ക് കടത്തിവിടാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ- ചൈന സംഘർഷാവസ്ഥയാണ് അവർ മുതലാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. നിയന്ത്രണ രേഖയിലെ വിവിധ ഭാഗങ്ങളിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നും ഇവർക്ക് സഹായം നൽകാൻ പാക് സൈന്യത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം. അടുത്തിടെയായി നിരവധി തവണ വെടിനിറുത്തൽ കരാർ ലംഘനം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇത് ഭീകരർക്ക് കയറിക്കൂടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകുന്നു. അതിർത്തിയിലെ ഇന്ത്യൻ സൈനികരെ ആക്രമിക്കാനായി പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ഭീകരസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഇന്ത്യൻ സേന സുരക്ഷ ശക്തമാക്കി.