നേഷൻസ് ലീഗിൽ ഉക്രൈനെതിരെ സ്‌പെയിന് തകർപ്പൻ ജയം
അൻസു ഫാറ്രി സ്‌പെയിനായി ഗോൾ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരം
മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗിൽ ബാഴ്സ കൗമാര താരം അൻസു ഫാറ്രിയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ സ്പെയിനിന് തകർപ്പൻ ജയം. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് സ്പെയിൻ ഉക്രൈനെ തകർത്തു. പെനാൽറ്റിയിൽ നിന്നുൾപ്പെടെ നായകൻ സെർജിയോ റാമോസ് രണ്ട് ഗോളും അൻസു ഫാറ്റി, ഫെറാൻ ടോറസ് എന്നിവർ ഓരോ ഗോൾ വീതവും നേടി. കളിയുടെ തുടക്കം മുതൽ തകർപ്പൻ ഡ്രിബ്ലിംഗും വേഗവുമായി ഫാറ്റി കുതിച്ചെത്തിയതോടെ ഉക്രൈൻ പ്രതിരോധം ആടിയുലഞ്ഞു. 3-ാം മിനിറ്റിൽ ഫാറ്രിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്രിയാണ് റാമോസ് ഗോളാക്കിയത്. 29-ാം മിനിറ്റിൽ മൊറേനയുടെ ക്രോസ് ഹെഡ്ഡ് ചെയ്ത് ഗോളാക്കി റാമോസ് ലീഡുയർത്തി.32-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നു തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ ഫാറ്റി
സ്‌പെയിനായി ഗോൾ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് സ്വന്തമാക്കി. 84-ാം മിനിട്ടിൽ ഫെറാൻ ടോറസ് ഗോൾപട്ടിക പൂർത്തിയാക്കി. അതേസമയം ജർമ്മനി വീണ്ടും സമനിലയിൽ കുരുങ്ങി. സ്വിറ്റ്സർലൻഡാണ് 1-1ന്റെ സമനലിയിൽ ജർമ്മനിയെ തളച്ചത്.
14-ാം മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോഗന്റെ ഷോട്ടിലൂടെ ജർമനി ലീഡെടുത്തു. എന്നാൽ 57 -ാം മിനിട്ടിൽ വിഡ്മെറിലൂടെ സ്വിറ്റസർലന്റ് സമനില ഗോൾ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഒരു ഗോളിന് മുന്നിൽനിന്ന ശേഷമാണ് സ്‌പെയ്‌നിനോട് ജർമ്മനി സമനില വഴങ്ങിയത്. ലീഗ് എ ഗ്രൂപ്പ് 4ൽ സ്‌പെയിനാണ് ഇപ്പോൾ ഒന്നാമത്. ഉക്രൈൻ രണ്ടാമതും ജർമ്മനി മൂന്നാമതുമാണ്.
മറ്ര് മത്സരങ്ങളിൽ റഷ്യ 3-2ന് ഹങ്കറിയേയും വേൽസ് ഏകപക്ഷീയമായ ഒരു ഗോളിന് ബൾഗേറിയേയും തോൽപ്പിച്ചു.
തകർത്തത് 95 വർഷം പഴക്കമുള്ള റെക്കാഡ്
ഉക്രൈനെതിരെ നേടിയ ഗോളിലൂടെ സ്‌പെയിനായി ഗോൾ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് സ്വന്തമാക്കുമ്പോൾ 17 വയസും 311 ദിവസവുമാണ് അൻസു ഫാറ്രിക്ക് പ്രായം. 95 വർഷം മുൻപ് എറാസ്‌ക്വിൻ തോമസ് കുറിച്ച റെക്കാഡാണ് ഫാറ്രി പഴങ്കഥയാക്കിയത്. റെക്കാഡ് കുറിക്കുമ്പോൾ എറാസ്‌ക്വിന് 18 വയസും 344 ദിവസവുമായിരുന്നു പ്രായം.