പാരീസ് : ഈച്ചയെ കൊല്ലാൻ പായുന്നതിനിടെ വൃദ്ധന് നഷ്ടമായത് വീടിന്റെ ഒരു ഭാഗം. പ്രതികാരം ചെയ്യാൻ നടക്കുന്ന ഈച്ചയുടെ കഥ പറയുന്ന സിനിമയിലെ സീനല്ല ഇത്. തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ ഡോർഡോയിൻ ഗ്രാമത്തിലാണ് സംഭവം. 82 കാരനായ വൃദ്ധൻ രാത്രി ഭക്ഷണം കഴിക്കാനായി ടേബിളിനു മുന്നിലിരുന്നതാണ്. ഇതിനിടെയാണ് ഈച്ചയുടെ രംഗപ്രവേശം. വൃദ്ധന് ചുറ്റും മൂളിപ്പാട്ടും പാടി ഈച്ച ശല്യം തുടങ്ങി. ആദ്യം കൈവച്ച് ഈച്ചയെ ഓടിക്കാനുള്ള വിദ്യ പരീക്ഷിച്ചെങ്കിലും ഈച്ച തോറ്റുപിൻമാറാൻ കൂട്ടാക്കിയില്ല.
ഒടുവിൽ ഈച്ചയേയും കൊതുകിനെയും മറ്റ് പ്രാണികളെയും കൊല്ലാനുള്ള ഇലക്ട്രിക് റാക്കറ്റെടുത്ത് വൃദ്ധൻ ഈച്ചയ്ക്ക് നേരെ ആഞ്ഞു വീശാൻ തുടങ്ങി. പക്ഷേ, വൃദ്ധൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ചോർച്ചയുണ്ടായിരുന്നു. ഈച്ച പിടികൊടുക്കാതെ വഴുതിമാറി. റാക്കറ്റുമായി വൃദ്ധൻ ഈച്ചയ്ക്ക് പിന്നാലെ പാഞ്ഞു. റാക്കറ്റിൽ നിന്നുള്ള വൈദ്യുതി തരംഗങ്ങൾ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാനിടിയാക്കി. ഭാഗ്യമെന്ന് പറയാമല്ലോ, അടുക്കള മുഴുവനായും മേൽക്കൂരയുടെ ഒരു ഭാഗവും പൂർണമായും കത്തി നശിച്ചെങ്കിലും കൈയ്യിൽ ഗുരുതരമല്ലാത്ത പൊള്ളലോടെ വൃദ്ധൻ രക്ഷപ്പെട്ടു. പാവം ഈച്ചയ്ക്ക് എന്തു സംഭവിച്ചു എന്ന് ആർക്കുമറിയില്ല. !