airport

ദുബായ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ച് ഒമാന്‍. രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന സുപ്രീം കമ്മിറ്റിയാണ് അന്താരാഷ്ട്ര വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത് .


പ്രത്യേക സ്ഥലങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്യുന്ന വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കിയതായാണ് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയത്. 2020 ഒക്ടോബര്‍ ഒന്നു മുതലാണ് ഈ അനുമതിയെന്ന് കമ്മിറ്റി വ്യക്തമാക്കി. ഓരോ രാജ്യത്തെയും കൊവിഡ് സാഹചര്യവും രാജ്യവുമായുള്ള ഉഭയകക്ഷി ധാരണയും അനുസരിച്ചായിരിക്കും ഷെഡ്യൂള്‍ തീരുമാനിക്കുക.


ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ചെയര്‍മാനായ സുപ്രീം കമ്മിറ്റിയാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊവിഡ് നേരിടാന്‍ രാജ്യം സ്വീകരിച്ച നടപടികളും പുരോഗതിയും തിങ്കളാഴ്ച്ച ചേര്‍ന്ന കമ്മിറ്റി ചര്‍ച്ചചെയ്തു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 28നായിരുന്നു ഒമാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

മാര്‍ച്ച് 29 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെയും ആഭ്യന്തര വിമാനങ്ങളുടെയും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നെന്നായിരുന്നു പ്രഖ്യാപനം. ഒമാനില്‍ ഇതുവരെ 87,328 കൊവിഡ് കേസുകളാണ് ഒമാനില്‍ രജിസ്റ്റര്‍ ചെയ്തത്. 82,805 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 734 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.