ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ മുൻ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടർ ചന്ദ കൊച്ചാറിന്റെ ഭർത്താവും വ്യവസായിയുമായ ദീപക് കൊച്ചാറിനെ വായ്പാ തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ച മുതൽ ചോദ്യം ചെയ്ത ശേഷമാണ് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.സി.ഐ.സി.ഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ അനധികൃത വായ്പ അനുവദിച്ച കേസിലാണ് അറസ്റ്റ്. കേസിൽ ദീപക്കിനൊപ്പം ചന്ദ കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. ധൂത്തും ദീപക് കൊച്ചാറും തമ്മിൽ വ്യവസായ പങ്കാളിത്തം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദീപക്കിന്റെ ഇടപെടൽ മൂലമാണ് ചന്ദ വായ്പ അനുവദിച്ചതെന്നും കണ്ടെത്തിയിരുന്നു.