ന്യൂഡൽഹി: അഴിമതി, കളളപ്പണം വെളിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐ.സി.ഐ.സി.ഐ ബാങ്ക് മുൻമേധാവി ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക്ക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റുചെയ്തു. സി.ബി.ഐയും എൻഫോഴ്സ്മെന്റും കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ഇരുവരെയും ചോദ്യം ചെയ്തിട്ടുണ്ട്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ദീപക്ക് കൊച്ചാറിനെ ഇന്ന് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത്.
അന്വേഷണത്തിന്റെ തുടക്കത്തിൽ ബാങ്ക് ചന്ദയെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് ബാങ്കിന്റെ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതായി ഐ.സി.ഐ.സി.ഐ ബാങ്ക് അറിയിക്കുകയായിരുന്നു.വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വായ്പ നൽകിയതെന്നും തന്റെ ഭർത്താവിന്റെ ബിസിനസുമായി അതിന് യാതൊരു ബന്ധമില്ലെന്നും ചന്ദ അന്വേഷണ സംഘത്തിന് മുന്നിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവിയായിരുന്ന കാലത്ത് നൽകിയ 7,862 കോടി വരുന്ന 24 വായ്പകളെ സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.