covid-anitibody

ന്യൂഡൽഹി: ശരീരത്തിലെ കൊവിഡ് ആന്റിബോഡികൾ രോഗത്തിൽ നിന്നും സംരക്ഷണം നൽകിയേക്കില്ലെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. മുമ്പ് ശരീരത്തിൽ വെെറസിന്റെ സാനിദ്ധ്യമുണ്ടായിരുന്നുവെന്നത് മാത്രമാണ് ആന്റിബോഡികൾ സൂചിപ്പിക്കുന്നതെന്നും ഇത് കൊവിഡിൽ നിന്നും പൂർണമായും സംരക്ഷണം നൽകില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഏത് തരത്തിലുളള ആന്റിബോഡികൾ, എത്രകാലം ശരീരത്തിൽ നിലനിൽക്കും എന്നിവ അടിസ്ഥാനമാക്കിയാകും അത് വെെറസിനെ പ്രതിരോധിക്കുകയെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

രാജ്യത്ത് കൊവിഡ് ആശങ്കകൾ നിലനിൽകുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞരുടെ ഈ വെളിപ്പെടുത്തൽ. ഇന്ന് 90,062 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കൊവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തി രണ്ട് ലക്ഷം കടന്നു. കൊവിഡ് രോഗികളിലെ ആന്റിബോഡികൾ സംബന്ധിച്ചുള്ള നിരവധി പഠനങ്ങൾ ശാസ്ത്രജ്ഞർ നടത്തിവരികയാണ്. ഇതിനിടെയാണ് ആന്റിബോഡികൾ കൊവിഡിൽ നിന്നും പൂർണ സുരക്ഷ നൽകില്ലെന്ന് കണ്ടെത്തുന്നത്.

കൊവിഡ് രോഗികളിൽ രണ്ട് തരത്തിലുളള ആന്റിബോഡികൾ കാണപ്പെടാറുണ്ടെന്നാണ് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് റിസേർച്ച് സെന്ററിലെ ഗവേഷക വിനീറ്റ ബാൽ പറയുന്നത്. സാധാരണ ആന്റിബോഡികളും വെെറസുകളെ നിർവീര്യമാക്കുന്നതരം പ്രത്യേക ആന്റിബോഡികളും. സാധാരണ ആന്റിബോഡികൾ ശരീരത്തിലെ കൊവിഡ് സാനിദ്ധ്യം മാത്രം വെളിപ്പെടുത്തുന്നുവെന്നും എന്നാൽ രണ്ടാമതെ ആന്റിബോഡികൾ വെെറസ് കോശങ്ങളിൽ പ്രവേശിക്കുന്നതിനെ തടയുമെന്നും ഇവർ പറയുന്നു. എന്നാൽ ഇത് എത്രത്തോളം സുരക്ഷ നൽകുമെന്നതിൽ ഉറപ്പില്ലെന്നും വിനീറ്റ ബാൽ പറഞ്ഞു.