tedros-adhanom-ghebreyesu

ജനീവ: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന് പിന്നാലെ ഇനി ഒരു പകർച്ചവ്യാധി കൂടി നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


"ഇത് അവസാനത്തെ പകർച്ചവ്യാധി ആയിരിക്കില്ല. പകർച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം." ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.

അതേസമയം ലോകത്ത് ഇതുവരെ 27.19 ദശലക്ഷം പേർക്കാണ് കൊവിഡ് രോഗം ബാധിച്ചത്. 888,326 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.