pic

ലോസ് ഏഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിൽ കാട്ടുതീയിൽപെട്ട് 7000 ഏക്കർ വനം കത്തിനശിച്ചതിന് കാരണം ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി നടത്തിയ വെടിക്കെട്ടെന്ന് അഗ്നിശമനസേന. തീപടർന്ന് പിടിച്ചതിന് പിന്നാലെ സമീപവാസികളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിച്ചു. 500ലേറെ അഗ്നിശമനസേന അംഗങ്ങളും നാല് ഹെലിക്കോപ്ടറുകളും ശനിയായ്ച മുതൽ തീയണയ്ക്കാനുളള ശ്രമം നടത്തിവരികയാണെന്നും അധികൃതർ പറഞ്ഞു.

സാൻ ബെർണാർഡിനോയിൽ ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി നടന്ന വെടിക്കെട്ടിൽ പുക ഉത്പാദിപ്പിക്കുന്ന കരിമരുന്ന് ഉപകരണം ഉപയോഗിച്ചിരുന്നു. ഇതാണ് തീപിടുത്തമുണ്ടാകാൻ കാരണമായതെന്നും കാൾ ഫയർ ലോ എൻഫോഴ്സ്മെന്റ് ട്വിറ്ററിൽ കുറിച്ചു. ഗർഭിണിയായ സ്ത്രീകളെ പങ്കെടുപ്പിച്ച് അവർക്ക് ജനിക്കാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് കണ്ടെത്താനാണ് ഇത്തരം ചടങ്ങുകൾ നടത്തിവരുന്നത്. ഇത്തരം വെടിക്കെട്ടുകളിൽ വരുന്ന പുകയുടെ നിറമനുസരിച്ചാണ് കൂട്ടി ആണോ പെണ്ണോ എന്ന് ഇവർ കണ്ടെത്തുക. നിയമവിരുദ്ധമായും അശ്രദ്ധമായും വെടിക്കെട്ട് നടത്തി തീപിടിത്തമുണ്ടാക്കിയവർക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം വെളളിയാഴ്ച ആരംഭിച്ച കാട്ടുതീ 73000 ഏക്കറോളം പടർന്നു പിടിച്ചതായി യു.എസ് വനം വകുപ്പ് അറിയിച്ചു. നിലവിൽ 800ൽ അധികം അഗ്നിശമനസേന അംഗങ്ങളാണ് തീ അണയ്ക്കാനുളളത്.