ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ, ചൈനീസ് സേനകൾ തമ്മിൽ വെടിവയ്പുണ്ടായെന്ന് റിപ്പോർട്ട്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്ത് പാംഗോംഗ് തടാകക്കരയുടെ തെക്ക് ഭാഗത്തായാണ് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ വെടിവയ്പുണ്ടായതെന്നാണ് വിവരം. ചൈനീസ് സേനയുടെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായപ്പോൾ താക്കീതെന്നവണ്ണം ഇന്ത്യ തിരിച്ച് വെടിവയ്ക്കുകയായിരുന്ന എന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സർക്കാർ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക വിവരം.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമം 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ നിയന്ത്രണരേഖ മറികടന്നുവെന്നും അപ്പോഴാണ് തങ്ങൾ തിരിച്ചടിച്ചതെന്നുമുള്ള ചൈനയുടെ ആരോപണത്തിൽ വ്യക്തത വരുത്തുകയായിരുന്നു കേന്ദ്രം. 1975ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തിന്റെയും സേനകൾ തമ്മിൽ വെടിവയ്പ്പുണ്ടാകുന്നത്.
പ്രകോപനമില്ലാതെ ഇന്ത്യൻ സൈനികർ തങ്ങൾക്കുനേരെ വെടിവച്ചുവെന്നും തുടർന്ന് തിരിച്ചടിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും ചൈനീസ് വെസ്റ്റേൺ തീയറ്റർ കമാൻഡിലെ കേണലായ ഷാങ് ഷുയിലി പറഞ്ഞിരുന്നു. സംഭവിച്ചത് ഗുരുതരമായി കണക്കാക്കേണ്ട പ്രകോപനമാണെന്നും ഇന്ത്യ ഇത്തരത്തിലുള്ള 'അപകടകരമായ' നടപടികളിൽ നിന്നും വിട്ടുനിൽക്കണമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പറയുന്നു.
ചൈന കൈയേറിയ തെക്കൻ പാംഗോംഗ് തീരത്തുള്ള പ്രദേശങ്ങൾ ഇന്ത്യ പിടിച്ചെടുത്തതോടെ ചൈനയും ഇന്ത്യയും തമ്മിലെ സംഘർഷാവസ്ഥ അതിരൂക്ഷമായി നിലനിൽക്കുകയായിരുന്നു. പ്രദേശത്തെ കാലാ ടോപ്പ്, ഹെൽമെറ്റ് ടോപ്പ് എന്നീ കൊടുമുടി പ്രദേശങ്ങൾ ഇന്ത്യയുടെ കയ്യിലായതോടെ ഇത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യമെന്ന്, വെടിവയ്പ്പുണ്ടായ സാഹചര്യത്തിൽ ഇന്ത്യൻ സേനാ വൃത്തങ്ങളും വ്യക്തമാക്കുന്നുണ്ട്.