തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനുള്ള അന്തിമതീരുമാനം ഇന്നുണ്ടായേക്കും. കുട്ടനാട് സീറ്റിൽ പി.ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യു.ഡി.എഫിലെ ധാരണ.
സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദേശം യൂത്ത് കോൺഗ്രസ് ഉൾപ്പടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പടെ മുതിർന്ന നേതാക്കൾക്ക് അതിനോട് താത്പര്യമില്ല. മുന്നണി സംവിധാനം കൂടുതൽ ശിഥിലമാക്കുന്ന തീരുമാനത്തിന് നിൽക്കേണ്ടെന്നാണ് മുസ്ലീം ലീഗ് അടക്കം ഘടകകക്ഷികളുടെയും നിർദേശം. കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യു.ഡി.എഫ് യോഗം കൈക്കൊള്ളും. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ ജേക്കബ് എബ്രഹാമിന്റെ പേര് മാത്രമാണ് ജോസഫ് വിഭാഗം മുന്നോട്ട്‍വയ്ക്കുന്നത്.
ജോസ് വിഭാഗത്തിനോട് സ്വീകരിക്കേണ്ട അന്തിമ നിലപാട് സംബന്ധിച്ചുള്ള തീരുമാനവും ഇന്ന് ചേരുന്ന യു.ഡി.എഫ് തീരുമാനിക്കും. യു.ഡി.എഫ് യോഗത്തിന് ശേഷം വൈകീട്ട് കുട്ടനാട് രാമങ്കരിയിൽ പി.ജെ ജോസഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. ചവറയിൽ ഷിബു ബേബി ജോൺ തന്നെയാണ് സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.