covid-kerala

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ഏറ്റവും ഒടുവിൽ ബാറുകളും ബിയർ പാർലറുകളും തുറക്കാൻ സർക്കാർ ഉടൻ അനുമതി നൽകിയേക്കും എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മദ്യവില്പനശാലകളിൽ ആളുകൾ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപിക്കാൻ ഇടയാക്കും എന്നുപറഞ്ഞാണ് സർക്കാർ ബെവ്ക്യൂ ആപ്പിന് പിന്നാലെപോയത്. അങ്ങനെയുളള സർക്കാർതന്നെ കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കെ ബാറുകളും ബിയർപാർലറുകളും തുറക്കാൻ അനുമതി നൽകുന്നത്. നിലവിൽ ബാറുകളിലെ പ്രത്യേക കൗണ്ടറുകൾ വഴിയുളള പാഴ്സലുകൾ മാത്രമാണ് നൽകുന്നത്. ബെവ്കോ ആപ്പിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ മദ്യം വിൽക്കാൻ പാടുളളൂ എന്നാണ് ചട്ടം.

ഞായറാഴ്ച സംസ്ഥാനത്തെ രോഗികളുടെ എണ്ണം മൂവായിരം കടന്നിരുന്നു. എന്നാൽ ഇന്നലെ അത് 1648ആയി. പരിശോധനയിലെ എണ്ണത്തിലെ കുറവാണ് ഒറ്റദിവസംകൊണ്ട് രോഗികളുടെ എണ്ണം ഇത്രത്തോളം കുറയാൻ കാരണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ പരിശോധകളുടെ എണ്ണം കൂട്ടി എന്നാണ് സർക്കാർ പറയുന്നത്. സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈമാസം മൂന്നിന് 30,342 സാമ്പിളുകൾ പരിശോധിച്ചു. നാലിന് 36,310 സാമ്പിളുകളും അഞ്ചാം തീയതി 40,162 സാമ്പിളുകളും 6ന് 41,392 സാമ്പിളുകളും പരിശോധിച്ചു. എന്നാൽ ഏഴാം തീയതി വെറും 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. കാരണമില്ളാതെ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് കടുത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും വിദഗ്ദ്ധർ പറയുന്നുണ്ട്.

ഉറവിടമറിയാത്ത സമ്പർക്കരോഗികളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 1648പേരിൽ 112 പേരുടെയും സമ്പർക്ക ഉറവിടം വ്യക്തമല്ല. യാത്രാ പശ്ചാത്തലം പോലുമില്ലാത്തവരാണ് ഇതിൽ പലരും.

രോഗം ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണവും കൂടുകയാണ്. ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നതും കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുന്നതും.