pathanamthita-lady-murder

പത്തനംതിട്ട: വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. 92 വയസുള്ള ജാനകിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. എന്ത് കാരണത്താലാണ് വയോധികയെ വെട്ടിക്കൊലപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. കേസിൽ പ്രാഥമിക അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെ പ്രതി വീട്ടിനകത്ത് കടന്ന് വയോധികയെ ആക്രമിച്ചുവെന്നാണ് വിവരം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പ്രതി മയിൽസ്വാമിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീക്കൊപ്പം വീട്ടിൽ ഒപ്പം ഉണ്ടായിരുന്ന സഹായി ഭൂപതി പറഞ്ഞു. രണ്ട് വർഷം മുമ്പാണ് അവസാനമായി ചികിത്സ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽവക്കത്തെ വീട്ടിലെ പത്രത്തിനുള്ളിൽ ഞാൻ കൊന്നു ജയിലിൽ പോകുന്നുവെന്ന കുറിപ്പ് മൈൽസ്വാമി എഴുതി വച്ചതുകണ്ടാണ് അയൽവാസി കൊലപാതക വിവരമറിയുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹായിയായ സ്ത്രീ ഇന്നലെ വീട്ടിൽ ഇല്ലായിരുന്നു.