തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി പക്ഷവുമായി തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ധാരണയുണ്ടാക്കുമെന്ന സൂചനയുമായി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ബാർ കോഴക്കേസിന്റെ കാലത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും വിജയരാഘവൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
ജോസ് പക്ഷം നിലപാട് വ്യക്തമാക്കട്ടെ
ജോസ് കെ.മാണി നയിക്കുന്ന കേരളാകോൺഗ്രസ് (എം) യു.ഡി.എഫിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലും അവരെ ക്ഷണിച്ചിട്ടില്ല. എൽ.ഡി.എഫിലേക്ക് വരുന്ന കാര്യത്തിൽ ജോസ് കെ.മാണിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അവരുടെ മുന്നണി പ്രവേശം എൽ.ഡി.എഫ് ചർച്ച ചെയ്യും. ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഇടതുമുന്നണി തുടർനടപടികൾ സ്വീകരിക്കുക. ജോസ് കെ.മാണി യു.ഡി.എഫ് ബന്ധം പൂർണമായി ഉപേക്ഷിച്ചാൽ അവർക്ക് എൽ.ഡി.എഫിലേക്ക് വരാം.
മാണി തന്നെ പറഞ്ഞിട്ടുണ്ടല്ലോ..
ബാർ കോഴക്കേസ് യു.ഡി.എഫ് സർക്കാരിന്റെ കാലത്തുള്ളതാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പുറത്താണ് ബാർ കോഴ ആരോപണം എൽ.ഡി.എഫ് ഉയർത്തിയത്. ബാർ കോഴക്കേസിന് പിന്നിൽ യു.ഡി.എഫിലെ തന്നെ പോരാണെന്ന് സംശയമുള്ളതായി മുൻ ധനമന്ത്രി കെ.എം.മാണി തന്നെ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിൽ നിൽക്കുമ്പോൾ അവരുടെ നയങ്ങളാണ് മാണി നടപ്പാക്കിയത്. ആ സാഹചര്യത്തിൽ കൂടിയാണ് മാണിക്കെതിരെ അന്ന് എൽ.ഡി.എഫ് പ്രക്ഷോഭം നടത്തിയത്. എന്നാലിപ്പോൾ അത്തരമൊരു സാഹചര്യമില്ല. മാണിയോടും കേരള കോൺഗ്രസിനോടും കോൺഗ്രസ് ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം. അവരെ പുറത്താക്കുന്നതുവരെ എത്തി കാര്യങ്ങൾ. ഇപ്പോൾ ജോസ് കെ.മാണിയെയും പാർട്ടിയേയും കോൺഗ്രസ് അപമാനിച്ചിരിക്കുകയാണ്. ആദ്യം അവരെ അകറ്റി നിറുത്തി, പിന്നെ വിലക്കേർപ്പെടുത്തി, ഇപ്പോൾ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. എന്തിന്റെ പേരിലായാലും ഒരു പാർട്ടിയോട് ചെയ്യാൻ പാടില്ലാത്താണ് യു.ഡി.എഫ് ഇപ്പോൾ കേരളാ കോൺഗ്രസിനോട് ചെയ്തത്.
ഇപ്പോഴത്തത് പ്രധാന രാഷ്ട്രീയമാറ്റം
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല. വിരുദ്ധമായ നിലപാടുകൾ ഉണ്ടാകും. എന്നാൽ, രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് മുന്നണികൾ നിലപാടുകൾ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. യു.ഡി.എഫിനെ ഏത് വിധേനയും ദുർബലപ്പെടുത്തുക എന്നതാണ് എൽ.ഡി.എഫിന്റെ രീതി. ജോസ് കെ.മാണിയുടെ വിഷയത്തിൽ എല്ലാം ശരിയാകുകയാണെങ്കിൽ പുതിയൊരു രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയമാറ്റവും ആകും രൂപപ്പെടുക. അത് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ പ്രതിഫലിക്കുകയും ചെയ്യും. ജോസ് കെ.മാണിയുമായി സഖ്യമുണ്ടാക്കുന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് തിരിച്ചടിയാകില്ല. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന യന്ത്രം ഉണ്ടെന്ന് ആരോപിച്ചത് യു.ഡി.എഫിലായിരുന്നപ്പോഴാണ്. നോട്ടെണ്ണൽ യന്ത്രം വേണ്ടിയിരുന്നത് യു.ഡി.എഫിനാണെന്നും വിജയരാഘവൻ പരിഹസിച്ചു.