ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 75,809 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,133 പേർ മരിച്ചു. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 42 ലക്ഷം (42,04,614 ) കവിഞ്ഞു. 71,642 പേർ മരിച്ചു. 32,50,429 പേർ ഇതുവരെ രോഗമുക്തരായി. 8,82,542 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
എന്നാൽ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 77.31 ശതമാനം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 69,564 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗ മുക്തരായവരുടെ മൊത്തം എണ്ണം 32.5 ലക്ഷം കടന്നു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് എറ്റവും കൂടുതൽ രോഗികൾ. ആന്ധ്രയിൽ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 8,368 പേരാണ് രോഗ ബാധിതരായത്. കര്‍ണാടകയില്‍ 5773, തമിഴ്നാട്ടില്‍ 5776 എന്നിങ്ങനെയാണ് കൊവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലെ പ്രതിദിന വർദ്ധന കണക്ക്.