border

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടന്ന് ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിർത്തെന്ന ചൈനയുടെ ആരോപണത്തെ ഇന്ത്യ നിഷേധിച്ചു. ഇന്ത്യയെ പ്രകോപിപ്പിക്കാൻ ചൈനീസ് സൈന്യമാണ് വെടിയുതിർത്തത്. ഇന്ത്യൻ മേഖലക്ക് അടുത്ത് ചൈനീസ് സൈന്യം എത്തി. കടന്നു കയറ്റമോ പ്രകോപനമോ ഇന്ത്യ നടത്തിയിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ വിശദീകരിക്കുന്നു.

അതിർത്തിയിൽ വെടിവയ്പ്പ് നടന്നെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയത് ചൈനയാണ്. ഇന്ത്യൻ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണത്തെത്തുടർന്ന് തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തി എന്നും ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏതുതരത്തിലുളള പ്രത്യാക്രമണമാണ് നടത്തിയതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. മനഃപൂർവം അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുളള ചൈനയുടെ ശ്രമമാണ് ആരോപണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ചൈനീസ് മാദ്ധ്യമങ്ങൾ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അതിർത്തിയിൽ വലിയ പ്രശ്നങ്ങൾ നടക്കുകയാണെന്നും ഇന്ത്യ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന തരത്തിലുളള വാർത്തകൾ പുറത്തുവിടുന്നുണ്ട്.

ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവയ്പ്പുണ്ടായതായി ആരോപണം ഉയരുന്നത്. ഗാൽവനിൽ സംഘർഷമുണ്ടായെങ്കിലും ഇരുവിഭാഗവും തോക്കുകൾ ഉപയോഗിച്ചിരുന്നില്ല.നേരത്തേയും ചൈനീസ് സൈന്യം ഇന്ത്യയുടെ പ്രദേശത്തേക്ക് കടന്നുകയറുമ്പോൾ പ്രതികരിക്കുകമാത്രമാണ് ഇന്ത്യ ചെയ്യുന്നത്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈനയുടെ നീക്കം നേരത്തേ മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനയ്ക്ക് കടുത്തമാനക്കേടുണ്ടാക്കിയിരുന്നു.