bar

തിരുവനന്തപുരം: കൊവിഡ് രോഗബാധയ്ക്ക് പിന്നാലെ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ ബാറുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കും. ബാറുകൾ തുറക്കണമെന്ന് എക്സൈസ് കമ്മിഷണർ, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണന് ശുപാർ‌ശ നൽകിയിരുന്നു. ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി എക്‌സൈസ് മന്ത്രി സമർപ്പിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനമുള്ളപ്പോൾ തന്നെ മറ്റ് സംസ്ഥാനങ്ങൾ കർശന നിയന്ത്രണത്തോടെ ബാറുകൾ തുറന്ന കാര്യം എക്സൈസ് കമ്മിഷണർ ശുപാർശയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു മേശയിൽ രണ്ട് പേർക്ക് മാത്രമിരുന്ന് മദ്യപിക്കാവുന്ന തരത്തിലാകും ബാറുകളിൽ മേശകൾ ക്രമീകരിക്കുക.നിലവിൽ ബാറുകൾ വഴി പാഴ്സൽ വിൽപനയുണ്ട്. എന്നാൽ, ലോക്ക് ഡ‌ൗണിന് മുമ്പ് ബാറുകളിൽ ഉണ്ടായിരുന്ന വരുമാനം ഇതിലൂടെ ഉണ്ടായിട്ടില്ല. മാത്രമല്ല, ലൈസൻസ് ഫീസായി ലക്ഷങ്ങൾ നൽകുന്ന തങ്ങൾക്ക് ബെവ് ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗിലൂടെ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും ബാറുടമകൾ പറയുന്നു.