ooman-chandy-ramesh-chenn

തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിനെക്കാൾ അംഗീകാരമാണ് പാർട്ടിയിൽ നിന്ന് ലഭിച്ചത്. ജനങ്ങൾ നൽകിയ സ്‌നേഹവും അർഹിക്കുന്നതിനെക്കാൾ കൂടുതലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ നല്ല നിലയിലുള്ള പ്രവർത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രവർത്തനം പോരായെന്ന ആക്ഷേപം കേട്ടിട്ടുണ്ട്. എല്ലാവരും ഇടതുമുന്നണിയുമായി താരതമ്യപ്പെടുത്തുന്നത് കൊണ്ടാണ് ആ അഭിപ്രായം വരുന്നത്. അവർ ചെയ്യുന്നത് ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ല. അവർ ചെയ്യുന്നത് ഞങ്ങൾ ചെയ്‌താൽ പിന്നെ മണ്ഡലത്തിലേക്ക് പോകാനാവില്ല. ആ പരിമിതികൾ ഉള്ളതുകൊണ്ടാണ് വിമർശനം വരുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡൽഹിയിൽ നിന്നാണ്. ചെന്നിത്തല മുഖ്യമന്ത്രിയാകാൻ അർഹനാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിക്കുന്നതിനോടൊപ്പം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുകയും ചെയ്യുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ കാര്യങ്ങൾ കലങ്ങിമറിയുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷനായ മുല്ലപ്പള്ളിയും മത്സരിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

ഇതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും. എന്നാൽ, തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും അത്തരം കാര്യങ്ങളൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നുമാണ് നേതാക്കൾ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. പരമാവധി സീറ്റുകളിൽ വിജയിക്കുക എന്നതിനാകും പാർട്ടി ഊന്നൽ നൽകുക. അതേസമയം, വിജയ സാദ്ധ്യതയുള്ള സീറ്റുകളിൽ കൂടുതൽ സ്ഥാനാർത്ഥി മോഹികൾ എത്താനുള്ള സാദ്ധ്യതയുണ്ട്. ഗ്രൂപ്പുകളിലും ഇത്തരം അഭിപ്രായം ഉയർന്നേക്കാം. എന്തായാലും മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാനാർത്ഥി നിർണയമാവും ഇക്കുറി ഉണ്ടാവുകയെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.