സംസ്ഥാനത്ത് പ്രഖ്യാപിച്ച കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവും അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ദേശീയ കോഡിനേറ്ററുമായ അനിൽബോസ്. തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എ ആരായാലും സത്യപ്രതിജ്ഞയ്ക്കപ്പുറം ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ദുരഭിമാനം വെടിഞ്ഞ് ജനഹിതം മനസിലാക്കി തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കടക്കം യു.ഡി.എഫ് കടന്നതിനിടെയാണ് ചാനൽ ചർച്ചകളിലടക്കം കോൺഗ്രസിന്റെ സ്ഥിരം മുഖമായ അനിൽബോസ് തന്റെ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.കെ ആന്റണി തുടങ്ങിയവരോട് തന്റെ നിലപാട് എന്താണെന്ന് കോൺഗ്രസ് വക്താവ് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് പൊതുവികാരമെന്നും അനിൽബോസ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക വക്താവായ അനിൽബോസിന്റെ പ്രതികരണത്തോട് എന്ത് പറയണമെന്നറിയാതെ കുഴങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.
അനിൽ ബോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യയിലെ 64 ഇടങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.....
കേരളത്തിൽ രണ്ടിടങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
കുട്ടനാട് ,ചവറ
.............................
വളരെ പരിമിതമായ സമയത്തേക്ക് മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നത് മറ്റ് മണ്ഡലങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നു..
അതുകൊണ്ട് തന്നെ രാഷ്ട്രീയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത് ഉൾക്കൊള്ളാൻ ആയിട്ടില്ല.
നിയമപരമായി തിരഞ്ഞെടുപ്പ് നടന്നാൽ രാഷ്ട്രീയപ്പാർട്ടികൾക്ക് അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല.
എങ്കിലും സർക്കാർ മുൻകൈയെടുത്ത് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ ആയിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന എം.എൽ എ ആരായാലും സത്യപ്രതിജ്ഞയ്ക്കപ്പുറം ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ദുരഭിമാനം വെടിഞ്ഞ് ജനഹിതം മനസ്സിലാക്കി തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീരുമാനമെടുക്കണം എന്നാണ് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ അഭിപ്രായം.
കോൺഗ്രസ് പാർട്ടിയുടെ ഒരു ഉത്തരവാദിത്തപ്പെട്ട പ്രവർത്തകൻ ആയതുകൊണ്ട്
ഈ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ സി വേണുഗോപാൽ, കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം എ കെ ആന്റണി എന്നിവരെ അറിയിച്ചിട്ടുണ്ട് .
ബഹു: കേരള മുഖ്യമന്ത്രിയോടും സർക്കാരിനോടും ഇതേ ആവശ്യം ഉന്നയിക്കുകയാണ്.
എല്ലാ രാഷ്ട്രീയപാർട്ടികളും പൊതുജന അഭിപ്രായത്തിനൊപ്പം ഉയരണം .
NB :
തെരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമായി മാറിയാൽ പാർട്ടികൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല നമുക്കും അതിൻ്റെ ഭാഗമായേ പറ്റൂ,
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഐക്യജനാധിപത്യമുന്നണി അനുകൂലമാണ്.
ചവറയിൽ ഷിബുബേബിജോൺ സ്ഥാനാർത്ഥിയായി പോരാട്ടത്തിന് സജ്ജമാണ് .
കുട്ടനാട് ഐക്യജനാധിപത്യമുന്നണി സീറ്റ് കേരള കോൺഗ്രസിന് ആണെങ്കിൽ സ്ഥാനാർത്ഥിയെ അവർ തീരുമാനിക്കും.
അവരുടെ നിർദ്ദേശം യുഡിഎഫ് അംഗീകരിക്കും. അതാണല്ലോ കീഴ്‌വഴക്കം.
തെരഞ്ഞെടുപ്പ് നടക്കുന്നുവെങ്കിൽ കോൺഗ്രസ് പാർട്ടി സീറ്റ് ഏറ്റെടുക്കണമെന്നുള്ള പൊതുവികാരം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പാർട്ടിയും മുന്നണിയും പക്വതയാർന്ന തീരുമാനം കൈക്കൊള്ളും, തീരുമാനം എന്തായാലും അത് അംഗീകരിക്കുക എന്നുള്ളതാണ് സംഘടനാ സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്നവരുടെ കടമ
പാർട്ടിയിൽ ഉത്തരവാദിത്വം ഉള്ളവർ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾക്ക് നേതൃത്വം നൽകരുത് .
വിഭാഗീയതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളിൽ പങ്കാളി ആകരുത് എന്നു കൂടി അഭ്യർത്ഥിക്കുന്നു.
അഡ്വ.അനിൽ ബോസ് ,കെ.പി.സി.സി. മാധ്യമ സമിതിയംഗം