കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ തിരഞ്ഞെടുപ്പ് നടത്തൂ. വിജ്ഞാപനവും തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും കമ്മിഷൻ അറിയിച്ചു.
മലപ്പുറം സ്വദേശി മുഹമ്മദ് റാഫി കൊവിഡ് പശ്‌ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇങ്ങനെ അറിയിച്ചത്. രോഗം പടരുന്നതിനെ കുറിച്ച് തങ്ങൾക്ക് ബോദ്ധ്യമുണ്ടെന്നും ഹർജി തളളണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.