matthew-robson-and-father

ലണ്ടൻ: വിസ്കി കുപ്പികൾ വിറ്റ് വീട് വാങ്ങുന്നു. ഇംഗ്ളണ്ടിലെ ടോൺടൻ സ്വദേശിയും 28കാരനുമായ മാത്യു റോബ്സണാണ് കുപ്പി വിറ്റ് വീട് വാങ്ങാനൊരുങ്ങുന്നത്. മാത്യുവിന് കുപ്പികൾ നൽകിയത് മറ്റാരുമല്ല, സ്വന്തം പിതാവ് തന്നെയാണ്. എല്ലാം ഫുൾ ബോട്ടിൽ. പിറന്നാൾ സമ്മാനമായി ഓരോവർഷവും പിതാവ് നൽകിയതായിരുന്നു ഇവ.

ഒന്നാം പിറന്നാൾ മുതൽ പിതാവ് പീറ്റ് മകന് സമ്മാനമായി നൽകിയത് അപൂർവമായ മക്കാലൻ സിംഗിൾ മാർട്ട് വിസ്കിയുടെ ഓരോ ഫുൾബോട്ടിലാണ്. പിതാവിന്റെ സ്നേഹസമ്മാനമായതുകൊണ്ട് കുപ്പികൾ ആർക്കും കൊടുക്കാനോ കുടിച്ചുതീർക്കാനോ മാത്യു തയ്യാറായില്ല. എല്ലാം സൂക്ഷിച്ചുവച്ചു. ഇതിന് പിതാവും പ്രേരിപ്പിച്ചു. അങ്ങനെ ഇരുപത്തെട്ട് കുപ്പികളായി. അപ്പോഴാണ് ഇവ വിറ്റാലോ എന്ന് മാത്യു ചിന്തിച്ചുതുടങ്ങിയത്. പിന്നീട് മക്കാലൻ സിംഗിൾ മാർട്ട് വിസ്കിയെക്കുറിച്ച് വിശദമായി പഠിച്ചു. അപ്പോഴാണ് അപൂർവ വിസ്കിയുടെ ഇത്രയും ദീർഘകാലത്തെ തുടർച്ചയായ ശേഖരം അത്യപൂർവമാണെന്ന് വ്യക്തമായത്. കുപ്പികൾക്കെല്ലാത്തിനും കൂടി മുപ്പത്തൊമ്പതുലക്ഷം രൂപയാണ് മതിപ്പുവില കണക്കാക്കുന്നത്. ഇതിനെക്കാൾ കൂടുതൽ നൽകാനും ആളുകൾ തയ്യാറുണ്ടത്രേ.

macallan-whisky

മകൻ വളരുമ്പോൾ ഒരു കൗതുകമാകും എന്നുകരുതിയാണ് സമ്മാനമായി വിസ്കി കുപ്പികൾ നൽകിത്തുടങ്ങിയതെന്നാണ് പീറ്റ് പറയുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ മക്കാലൻ വിസ്കിയുടെ മൂല്യം കുതിച്ചുയർന്നതാണ് മാത്യുവിന്റെ ശേഖരത്തിന് ഇത്രയും വിലകിട്ടാൻ കാരണമെന്നാണ് വിസ്കി ബ്രോക്കർമാർ പറയുന്നത്.